വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ 10 % വില വർദ്ധനവ് ഏർപ്പെടുത്തിയെന്ന് ടയർ ഡീലേഴ്സ്& അലൈൻമെന്റ് അസോസിയേഷൻ (കേരള) സംസ്ഥാന പ്രസിഡന്റ് സി കെ ശിവകുമാർ പാവളം, സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അലൈൻമെൻ്റ് മെഷിനറി സ്പയേഴ്സിലും, സർവീസുകളിലും, വൈദ്യുതിനിരക്കിലും കെട്ടിടവാടകയിനത്തിലും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന വില വർദ്ധനവുകൾ താങ്ങാവുന്നതിലും അധികമായതിനെ തുടർന്നാണ് വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ ഒരൽപം വർദ്ധനവ് ഏർപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജീവനക്കാരുടെ ശബളവർദ്ധനവും വർദ്ധിച്ചു വരികയാണ്. കാലാനുസൃതമായ ഈ വർദ്ധനവ് മുഖവിലക്കെടുത്തുകൊണ്ട് ഉപഭോക്താക്കൾ ഞങ്ങളോട് തുടർന്നും സഹകരിക്കണമെന്ന് അവർ പറഞ്ഞു.
നിർമാണ തകരാറ് മൂലവും, പൊട്ടിയതുമായ ടയറുകൾ കമ്പനികളുടെ പേര് വിവരങ്ങൾ മായ്ച്ചുകൊണ്ട് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽത്തന്നെ വീണ്ടും പൊതു വിപണിയിലേക്ക് നികുതി വെട്ടിപ്പ് നടത്തി കൊണ്ട് എത്തിച്ചു നൽകുന്ന മാഫിയ സംഘങ്ങൾ സംസ്ഥാനത്തുടനീളം സജീവമായിട്ടുണ്ടെന്നും, ടയർ ഡീലേഴ്സ് & അലൈൻമെൻ്റ് അസോസിയേഷൻ കേരള ഇക്കാര്യം കാണിച്ചുകൊണ്ട് രേഖാമൂലം സർക്കാറിന് പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതേ വരെ അതുമായി ബന്ധപ്പെട്ട നിയമ നടപടികൾ സ്വീകരിച്ചു കണ്ടിട്ടില്ലായെന്നും , പൊതു സമൂഹത്തിന് ഭീഷണിയായിരിക്കുന്ന ഇത്തരം കാര്യങ്ങൾ ഗൗരവത്തോടെ കാണണമെന്നും ഭാരവാഹികൾ അറിയിച്ചു.
ചടങ്ങിൽവീൽ അലൈൻമെന്റ് സർവീസ് ചാർജിന്റെ പുതുക്കിയ പ്രൈസ് ലിസ്റ്റിന്റെ പ്രകാശനവും, റ്റിഡാക്കിന്റെ അംഗങ്ങൾക്കും, തൊഴിലാളികൾക്കും ഉള്ള ഇൻഷുറൻസ് കാർഡിന്റെ വിതരണവും നടത്തി. ട്രഷറർ : ശിവ പ്രകാശ്, വൈസ് പ്രസി: റെബിൻ സണ്ണി, വൈസ്. പ്രസി: മനോജ് ജേക്കബ്, ജോ. സെക്ര : വിനോദ് വേണു, ജോ. സെക്ര : നൗഷീർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
STORY HIGHLIGHT: wheel alignment