Kerala

കേരളത്തിലെ ആദ്യ മള്‍ട്ടി ഡിസ്സിപ്ലിനറി ഫെസ്റ്റ് കോഗ്‌നിടോപിയക്ക് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ പ്രൗഢോജ്വല തുടക്കം.

സെന്റര്‍ ഓഫ് എക്സെല്ലെന്‍സ് ഫോര്‍ റിസര്‍ച്ച് നെറ്റ് വർക്ക് സപ്പോര്‍ട്ട് സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നടക്കുന്ന കേരളത്തിലെ ആദ്യ മള്‍ട്ടി ഡിസ്സിപ്ലിനറി ഫെസ്റ്റ് കോഗ്‌നിടോപിയക്ക് പ്രൗഢോജ്വല തുടക്കം. ഗവണ്മെന്റ് കോളേജ് ഫോര്‍ വിമന്‍സ് 125 -ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോഗ്‌നിടോപിയ എന്ന പേരില്‍ ഫെസ്റ്റ്
സംഘടിപ്പിക്കുന്നത്. മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കോഗ്‌നിടോപിയ മെഗാഫെസ്റ്റിലില്‍ സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളിലെ വിദഗ്ധര്‍ പങ്കെടുക്കുന്ന സെഷനുകള്‍ക്ക് പുറമേ വിവിധങ്ങളായ എക്‌സിബിഷനുകളും ഉണ്ട്.

കേരളത്തിലെ രണ്ട് എക്സെല്ലെന്‍സ് ഫോര്‍ റിസര്‍ച്ച് സെന്ററു റുകളില്‍ ഒന്ന് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു അഭിപ്രായപ്പെട്ടു. കോഗ്‌നിടോപിയ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് തിരുവനന്തപുരം വിമന്‍സ് കോളേജില്‍ സെന്റര്‍ ഓഫ് എക്സെല്ലെന്‍സ് ഫോര്‍ റിസര്‍ച്ച് നെറ്റ് വർക്ക് സപ്പോര്‍ട്ട് സ്ഥാപിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു പ്രഖ്യാപ്പിച്ചത്. ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനും ദേശീയ, അന്തര്‍ദേശിയ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുന്നതിനു വേണ്ടിയുമാണ് സെന്റര്‍ ഓഫ് എക്സെല്ലെന്‍സ് ലൂടെ ഉദ്ദേശിക്കുന്നത്. ജനോപകാരപ്രദമായ ഗവേഷണങ്ങള്‍ നടത്തിയതിന് വിമന്‍സ് കോളേജിനുള്ള അംഗീകാരമാണ് സെന്റര്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരളത്തില്‍ ഉന്നത വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് കുറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.സര്‍ക്കാരിന്റെ അക്കാഡമിക് രംഗത്തെ പരിഷ്‌കാരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഉദ്ഘാടന ചടങ്ങില്‍ ആന്റണി രാജു എംഎല്‍എ അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ ജെ എസ് അനില സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശാസ്ത്രസാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ പി സുധീര്‍, അസാപ് എം ഡി ഉഷ ടൈറ്റസ് ഐഎഎസ്, ഡോ. സുനില്‍ ജോണ്‍, കൗണ്‍സിലര്‍ അഡ്വ. രാഖി രവി കുമാര്‍, ഡോ. ജോയ് വി എസ്, ഡോ. അനുരാധ വി കെ, പ്രൊഫ. സുനീജ ബീഗം, രാജി ടി എസ്, ദേവസ്യ കെ ഡി, കുമാരി ഫിദ ഫാത്തിമ, പ്രൊഫ. ഗോഡ്വിന്‍ എന്നിവര്‍ പങ്കെടുത്തു. വിമന്‍സ് കോളേജിലെ മനശാസ്ത്ര വിഭാഗവും ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അസാപും സംയുക്തമായി തയ്യാറാക്കിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കമ്പ്യൂട്ടറൈസ്ഡ് ആറ്റിറ്റിയൂട്ട് ടെസ്റ്റും ചടങ്ങില്‍ മന്ത്രി ആര്‍ ബിന്ദു പ്രകാശിപ്പിച്ചു. വിഎസ് എസ് സി ഡയറക്ടര്‍ ഡോക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍,ലണ്ടന്‍ സൗത്താംപ്റ്റണ്‍ സര്‍വ്വകലാശാല പ്രഫസര്‍ സാബു പത്മദാസ്,ഡോക്ടര്‍ ദീപ്തി ഓംചേരി തുടങ്ങിയവര്‍ ആദ്യദിവസം വിവിധ സെഷനുകളില്‍ സംസാരിച്ചു.

ആദ്യദിവസം തന്നെ ആയിരക്കണക്കിന് പേരാണ് ഫെസ്റ്റിവല്‍ കാണാന്‍ എത്തിയത്. കഥാപ്രസംഗം, ഫാഷന്‍ ഷോ, ഗാനമേള, മ്യൂസിക് ബാന്റിന്റെ പ്രകടനവും എന്നിങ്ങനെ വൈവിധ്യമായ സാംസ്‌കാരിക പരിപാടികളും കോഗ്‌നിടോപിയുടെ സവിശേഷതയാണ്.മെഗാ ഫെസ്റ്റിലേക്കുള്ള പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ച വിവിധ സെഷനുകളിലായി എ എ റഹീം എംപി, ചാണ്ടി ഉമ്മന്‍ എംഎല്‍എ,സുനില്‍ പി ഇളയിടം, പ്രൊഫസര്‍ ജിന്‍ ജോസ് തുടങ്ങിയവര്‍ പങ്കെടുക്കും.

 

Latest News