തിരുവനന്തപുരം: കേരള തമിഴ്നാട് അതിർത്തി പ്രദേശമായ ഇരയിമ്മൻതുറയ്ക്ക് സമീപം സ്രാവെന്ന് കരുതി മത്സ്യത്തൊഴിലാളികൾ വല വച്ച് പിടികൂടിയത് കൂറ്റൻ തിമിംഗലത്തെ. വലയിൽ നല്ല ഭാരം അനുഭവപ്പെട്ടതോടെ ചാകരയെന്ന തോന്നലിലാണ് വല വലിച്ച് കയറ്റിയത്. എന്നാൽ വലയിൽ കുടുങ്ങിയത് തിമിംഗലമാണെന്ന് വ്യക്തമായതിന് പിന്നാലെ ഏറെ പണിപ്പെട്ട് മത്സ്യ ഭീമനെ തിരികെ കടലിലേക്ക് വിടുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ തീരത്ത് മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ച കരമടിവലയിൽ ആണ് കൂറ്റൻ തിമിംഗലം അകപ്പെട്ടത്. വലയിൽ ഭാരം അനുഭവപ്പെട്ടതോടെ സ്രാവാണെന്ന് കരുതി മത്സ്യത്തൊഴിലാളികൾ വലിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. എന്നാൽ കരയ്ക്ക് സമീപമെത്തിയതോടെയാണ് ഇത് തിമിംഗലം ആണെന്ന് തിരിച്ചറിഞ്ഞത്. പിന്നാലെ മത്സ്യത്തൊഴിലാളികൾ ചേർന്ന് കടലിലേക്ക് തള്ളിവിടുകയായിരുന്നു.
പല തവണ വെള്ളത്തിലേക്ക് തള്ളിയിറക്കിയെങ്കിലും തിരയടി ശക്തമായിരുന്നതിനാൽ ഇത് തിരികെ വന്നുകൊണ്ടിരുന്നു. ഒടുവിൽ മത്സ്യത്തൊഴിലാളികൾ വെള്ളത്തിലിറങ്ങി തിമിംഗലത്തിന് ചിറകടിച്ച് പോകാൻ കഴിയുന്ന ആഴത്തിലുള്ള സ്ഥലം വരെ തള്ളിയിറക്കി വിട്ടതോടെയാണ് ഇത് നീന്തി കടലിലേക്ക് പോയത്.
content highlight : fisherman-unknowingly-capture-huge-whale-in-trivandrum-released-after-hours