Celebrities

ഉണ്ണി മുകുന്ദന് നേരെ മാര്‍വെലില്‍ പോയി ജോയിന്‍ ചെയ്യാം; ‘മാര്‍ക്കോ’ സ്റ്റണ്ട് മാസ്റ്റര്‍ കലൈം കിംഗ്സണ്‍ – action choreographer kalai kingson

ഉണ്ണി മുകുന്ദൻ നായകനായി വന്ന് വലിയ സ്വീകാര്യത നേടിക്കൊടുത്ത ചിത്രമാണ് മാര്‍ക്കോ. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ മാര്‍ക്കോ ആക്ഷന്‍ സിനിമാപ്രേമികള്‍ ഇരുകയ്യും നീട്ടി ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ മികച്ച ആക്ഷൻ രംഗങ്ങളിലെ മികവിന് ഉണ്ണി മുകുന്ദനും കൈയടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആക്ഷന്‍ ഡയറക്ടര്‍ ആയ കലൈ കിംഗ്സണിന്‍റെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഉണ്ണി മുകുന്ദന്‍റെ ആക്ഷന്‍ രംഗങ്ങളിലെ നിലവാരം വച്ച് അദ്ദേഹത്തിന് ഹോളിവുഡ് ചിത്രങ്ങളിലും അഭിനയിക്കാവുന്നതാണെന്നാണ് സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തിൽ കലൈ കിംഗ്സൺ പറയുന്നത്.

‘ഉണ്ണി മുകുന്ദന്‍ മലയാള സിനിമയ്ക്കുവേണ്ടിയുള്ള ആളല്ല, ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടിയുള്ള ആളുമല്ല. നേരെ മാര്‍വെലില്‍ പോയി ജോയിന്‍ ചെയ്യേണ്ട ആളാണ്. എന്ത് തരത്തിലുള്ള ഷോട്ട് വന്നാലും ​ഗംഭീരമാക്കും ഉണ്ണി. ആക്ഷന്‍ സീനുകള്‍ ചെയ്യുന്നതിനിടെ ഹീറോയിസത്തിന്‍റേതായ സ്വാ​ഗും അദ്ദേഹം നഷ്ടപ്പെടാതെ നോക്കും. മുന്‍കൂട്ടി റിഹേഴ്സലിനുള്ള സമയമൊന്നും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നില്ല. എല്ലാം സ്പോട്ടില്‍ ആണ് ചെയ്തിരുന്നത്. ലൈറ്റിം​ഗ് സെറ്റ് ചെയ്യുന്ന സമയമായിരുന്നു ഞങ്ങളുടെ റിഹേഴ്സല്‍ സമയം. ഇന്‍ട്രോ സീന്‍, സ്റ്റെയര്‍കേസ് ഫൈറ്റ്, ഇന്‍റര്‍വെല്‍, ക്ലൈമാക്സ് ഫൈറ്റുകള്‍ ഇവയ്ക്കൊന്നും മുന്‍കൂട്ടിയുള്ള റിഹേഴ്സല്‍ ഇല്ലായിരുന്നു. നിറയെ സിനിമകള്‍ ഉള്ളതിന്‍റെ തിരക്കില്‍ എനിക്ക് ഡേറ്റ്സ് ഇല്ലായിരുന്നു. മാര്‍ക്കോ ചെയ്യാന്‍ സാധിക്കുമോ എന്നും സംശയമുണ്ടായിരുന്നു. ലൊക്കേഷനില്‍ എത്തിയതിന് ശേഷമാണ് ഫൈറ്റ് സീനുകളുടെ പ്ലാനിം​ഗ് തന്നെ ചെയ്തിരുന്നത്. എന്നാല്‍ അതിന്‍റെ ഉള്ളടക്കം സംബന്ധിച്ച പ്രധാന കാര്യങ്ങള്‍ സംവിധായകനുമായി നേരത്തെ ഫോണിലും നേരിട്ടുമായി സംസാരിച്ചിരുന്നു.’ കലൈ കിംഗ്സൺ പറഞ്ഞു.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാര്‍ക്കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്‍സ് എന്റർടൈൻമെന്റ്‍സുമാണ് നിർവഹിക്കുന്നത്. നായകൻ ഉണ്ണി മുകുന്ദനൊപ്പം ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ എന്നീ താരങ്ങളും അണിനിരക്കുന്നുണ്ട്.

STORY HIGHLIGHT: action choreographer kalai kingson