Alappuzha

പ്രഭാത സവാരിക്കിടെ സ്വകാര്യ ബസ് ഇടിച്ച് ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാവ് മരിച്ചു

ഇന്ന് രാവിലെ ആറിന് ചേര്‍ത്തല  അരൂക്കൂറ്റി റോഡില്‍ കുഞ്ചരത്ത് വച്ചായിരുന്നു അപകടം

ആലപ്പുഴ: പ്രഭാത സവാരിക്കിടെ കോണ്‍ഗ്രസ് നേതാവ് സ്വകാര്യ ബസ് ഇടിച്ച് മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ മയിഖം (മേലേപറമ്പ്) വീട്ടില്‍ എം ആര്‍ രവീന്ദ്രന്‍ നായര്‍ (എം ആര്‍ രവി  -71) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറിന് ചേര്‍ത്തല  അരൂക്കൂറ്റി റോഡില്‍ കുഞ്ചരത്ത് വച്ചായിരുന്നു അപകടം. അരൂക്കുറ്റിയില്‍ നിന്ന് ചേര്‍ത്തലയിലേക്ക് പോയ സ്വകാര്യ ബസ് നിയന്ത്രണം തെറ്റി റോഡിന്റെ അരുകില്‍ കൂടി നടന്നു വരികയായിരുന്ന എം ആര്‍ രവിയെ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

 

തൃച്ചാറ്റുകുളം എന്‍ എസ് എസ് ഹൈസ്‌കൂളില്‍ കെ എസ് യു പ്രവര്‍ത്തകനായി പൊതുപ്രവര്‍ത്തനം ആരംഭിച്ച എം ആര്‍ രവി പാണാവള്ളിയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പടുത്തുയര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. പാണാവള്ളി ഗ്രാമ പഞ്ചായത്ത് അംഗം, പാണാവള്ളി മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ്, ഡി സി സി എക്‌സിക്യൂട്ടീവ് അംഗം, ഇരുപത്തിയഞ്ചു വര്‍ഷമായി പാണാവള്ളി 901 സര്‍വീസ് സഹകരണ ബാങ്ക് ബോര്‍ഡ് അംഗം, അഗ്രിക്കള്‍ച്ചറല്‍ ഇമ്പ്രൂവ്‌മെന്റ് കോപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, ചേര്‍ത്തല നാളികേര വികസന സൊസൈറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

എ ഐ സി സി വര്‍ക്കിംഗ് കമ്മറ്റിയംഗം രമേശ് ചെന്നിത്തല എം എല്‍ എ, കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം കെ സി ജോസഫ്, എ എ ഷുക്കൂര്‍ തുടങ്ങിയവര്‍ വീട്ടിലെത്തിയ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പില്‍ നടന്നു. ഭാര്യ: രതി കുമാരി. മക്കള്‍: അഭിജിത്ത്, രേവതി. മരുക്കള്‍: റഹീസ്, ഐശ്വര്യ.

 

content highlight : alappuzha-congress-leader-dies-after-being-hit-by-a-private-bus-during-his-morning-walk