Kozhikode

അടഞ്ഞുകിടക്കുന്ന പെട്ടിക്കട, പക്ഷേ ആളുകൾ വന്ന് പോകുന്നു! വിവരം ലഭിച്ചതോടെ പൊലീസ് എത്തി, പാൻമസാല ശേഖരം പിടികൂടി | prohibited tobacco product was seized

3 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ ഉണ്ടായിരുന്നത്

കോഴിക്കോട്: വടകര ഓര്‍ക്കാട്ടേരിയില്‍ റോഡരികില്‍ അടഞ്ഞുകിടക്കുന്ന പെട്ടിക്കടയില്‍ നിന്ന് നിരോധിത പുകയില ഉല്‍പന്നം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എടച്ചേരി എസ്‌ ഐ വി പി അനില്‍കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് 176 പാക്കറ്റ് പാന്‍മസാല ശേഖരം കസ്റ്റഡിയില്‍ എടുത്തത്.

 

അടുത്തിടെയാണ് വടകര – നാദാപുരം സംസ്ഥാന പാതയില്‍ ഓര്‍ക്കാട്ടേരി പെട്രോള്‍ പമ്പിന് സമീപം റോഡരികില്‍ ഈ പെട്ടിക്കട നിര്‍മിച്ചത്. ടിന്‍ ഷീറ്റും മറ്റും ഉപയോഗിച്ചാണ് താല്‍ക്കാലികമായി ഇത് കെട്ടിയുണ്ടാക്കിയിരുന്നത്. ഇവിടെ നിന്നും 3 ചാക്കുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ലഹരി വസ്തുക്കള്‍ ഉണ്ടായിരുന്നത്. എടച്ചേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവിടെ ഇടയ്ക്ക് ആളുകൾ വന്ന് പോകുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധയിലാണ് 176 പാക്കറ്റ് പാൻമസാല ശേഖരം പിടികൂടിയത്.

അതേസമയം തങ്ങള്‍ പരിശോധനക്ക് എത്തുന്നത് കണ്ട് സംഭവ സ്ഥലത്ത് നിന്ന് ഒരു യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടതായി പൊലീസുകാര്‍ പറഞ്ഞു. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

content highlight : prohibited-tobacco-product-was-seized-from-roadside-closed-shop-at-vadakara