റിയാദ്: ഫ്യൂച്ചർ മിനറൽസ് ഫോറം സമ്മേളനത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ കൽക്കരി ധാതുവിഭവ മന്ത്രി ജി കൃഷൻ റെഡ്ഡി ദ്വിദിന സന്ദർശന പരിപാടിയുമായി റിയാദിലെത്തി. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജും സൗദി വ്യവസായ ധാതുവിഭവ മന്ത്രാലയം ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ‘ഒരു മഹത്തായ ഉടമ്പടിയിലേക്ക്’ എന്ന പേരിൽ റിയാദ് ആതിഥേയത്വം വഹിച്ച സമ്മേളനത്തിൽ മന്ത്രി പങ്കെടുത്തു.
ധാതു മേഖലയിലെ നിർണായക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനായി 85-ലധികം രാജ്യങ്ങളിലെ ഖനന വ്യവസായത്തിൽനിന്നുള്ള പ്രതിനിധികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഫ്യൂച്ചർ മിനറൽസ് ഫോറം റിയാദ് കിങ് അബ്ദുൽ അസീസ് ഇൻറർനാഷനൽ കോൺഫറൻസ് സെൻററിലാണ് നടന്നത്. ധാതുവിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിലും ഊർജ പരിവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നതിലും കേന്ദ്രീകരിച്ചായിരുന്നു പ്രധാന ചർച്ചകൾ. മാനവികതയുടെ മഹത്തായ നന്മയ്ക്കായി പരിസ്ഥിതി സുസ്ഥിരതയും സാമൂഹിക സമത്വവും ഉറപ്പാക്കുന്നതിനൊപ്പം സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത സമ്മേളനം എടുത്തുകാട്ടി.
സമ്മേളനത്തിന് ശേഷം സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദർ ഇബ്രാഹിം അൽ ഖുറൈഫുമായി അദ്ദേഹത്തിെൻറ മന്ത്രാലയ ആസ്ഥാനത്ത് മന്ത്രി ജി. കൃഷൻ റെഡ്ഡി കൂടിക്കാഴ്ച നടത്തി. ഖനന ധാതുക്കളിലും മറ്റ് തന്ത്രപ്രധാന മേഖലകളിലും ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചു.
content highlight : minister-of-mines-of-india-g-kishan-reddy-reached-riyadh