ബംഗളുരു: കർണാടകയിലെ ബിദറിൽ വൻ എടിഎം കൊള്ള നടത്തിയ രണ്ട് പ്രതികളെയും കർണാടക പൊലീസ് സാഹസികമായി പിടികൂടി. ഹൈദരാബാദിൽ നിന്നാണ് ഇരുവരും പിടിയിലായത്. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് നേരെ പ്രതികൾ വെടിയുതിർത്തതോടെ പൊലീസും തിരിച്ച് വെടിവെച്ചു. ഇതിൽ ഒരു പ്രതിക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം എടിഎം മോഷണ സമയത്ത് പ്രതികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൂടി രാത്രിയോടെ മരിച്ചു. നെഞ്ചിന് വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന ശിവകുമാർ (35) ആണ് മരിച്ചത്.
ബിദറിൽ മോഷണം നടത്തി വൻ തുകയുമായി രക്ഷപ്പെട്ട പ്രതികൾ ഹൈദരാബാദിലെ അഫ്സൽ ഗഞ്ജിൽ ഉള്ള ഒരു ട്രാവൽ ഓഫീസിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവരുടെ ലൊക്കേഷൻ കിട്ടിയ പൊലീസ് പിന്തുടർന്ന് സ്ഥലം വളഞ്ഞു. പിടിക്കപ്പെടുമെന്നായപ്പോൾ പ്രതികൾ ട്രാവൽസ് ഓഫീസിനുള്ളിൽ നിന്ന് പൊലീസിന് നേരെ വെടിവെയ്ക്കുകയായിരുന്നു. പിന്നാലെ പൊലീസും തിരികെ വെടിവെച്ചുകൊണ്ട് അകത്തേക്ക് ഇരച്ചുകയറി. രണ്ട് പ്രതികളെയും കസ്റ്റഡിയിൽ എടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ പേരുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് പുറത്തുവിടും.
ബീദറിലെ ജില്ല ഹെഡ് ക്വാർട്ടേഴ്സിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിലാണ് രാവിലെ 11 മണിയോടെ വൻ കൊള്ള നടന്നത്. ബാങ്കിന്റെ തൊട്ടടുത്ത് തന്നെയുള്ള എടിഎമ്മാണിത്. ബാങ്കിന്റെ ബ്രാഞ്ചിൽ നിന്ന് 93 ലക്ഷം രൂപ എടിഎമ്മിലേക്ക് നിറക്കാൻ കൊണ്ടുവന്നിരുന്നു. ആ സമയത്താണ് ബൈക്കിലെത്തിയ രണ്ട് അക്രമികൾ എടിഎമ്മിന് നേരെ ആക്രമണം നടത്തിയത്. സെക്യൂരിറ്റി ഗാർഡിനെ വെടിവെച്ച് കൊലപ്പെടുത്തിയായിരുന്നു കവർച്ച. ബീദർ സ്വദേശിയായ ഗിരി വെങ്കിടേഷാണ് സംഭവ സ്ഥലത്തുവെച്ചു തന്നെ കൊല്ലപ്പെട്ടത്. അക്രമികൾ എട്ട് റൗണ്ട് നിറയൊഴിച്ചുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ബ്രാഞ്ചിന് മുന്നിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചായിരുന്നു മോഷണം.
content highlight : two-individuals-who-robbed-an-sbi-atm-after-shooting-at-security-guards-held-in-encounter