പത്തനംതിട്ട: ദലിത് പെൺകുട്ടിയെ 13 വയസ്സു മുതൽ 5 വർഷത്തോളം പീഡനത്തിനിരയാക്കിയ കേസിൽ ഇന്നലെ 4 പ്രതികൾ കൂടി അറസ്റ്റിൽ. ഇതോടെ ജില്ലയിൽ റജിസ്റ്റർ ചെയ്ത 30 കേസുകളിലെ ആകെ അറസ്റ്റ് 56 ആയെന്ന് ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ അറിയിച്ചു. 6 കേസുകളിൽ കോടതി കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.
കേസിൽ ഇനി 3 പ്രതികളെയാണു പിടികൂടാനുള്ളത്. എല്ലാ പ്രതികളെയും പിടികൂടിയ ശേഷം തിരിച്ചറിയൽ പരേഡ് നടത്തും. പ്രതിപ്പട്ടികയിലുള്ളതിൽ പ്രായം കൂടിയ വ്യക്തി 44 വയസ്സുകാരനാണ്. 30 വയസ്സു കഴിഞ്ഞവർ 2 പേർ മാത്രമാണ്. ഇതുവരെ അറസ്റ്റിലായവരിൽ 5 പേർ പ്രായപൂർത്തിയാകാത്തവരാണ്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പീഡന സംഭവങ്ങൾ തുടങ്ങിയതെന്ന കാര്യം അന്വേഷണത്തിൽ വ്യക്തമായി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശുചിമുറിയിൽ വച്ചും മറ്റുചില സന്ദർഭങ്ങളിലും വിദ്യാർഥിനി സംഘം ചേർന്നുള്ള പീഡനത്തിനു വിധേയയായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. നഗ്നദൃശ്യങ്ങൾ കാണുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്തവരും പ്രതികളുടെ കൂട്ടത്തിലുണ്ട്.