തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഇന്ന് കോടതി വിധി പറയും. നെയ്യാറ്റിൻകര സെഷൻസ് കോടതിയാണ് വിധി പറയുക. കാമുകിയായ ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്മയുടെ അമ്മയും അമ്മാവനും ഗൂഢാലോചന കേസിൽ പ്രതിയാണ്. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ വേണ്ടിയാണ് ഗ്രീഷ്മ കഷായത്തിൽ കളനാശിനി കലർത്തി നൽകിയതെന്നാണ് കേസ്.
പ്രണയബന്ധത്തിൽ നിന്നു പിന്മാറാത്തതാണു കൊലപാതകത്തിനു കാരണമെന്നാണ് കേസ്. സൈനികനുമായി നിശ്ചയിച്ച വിവാഹത്തിനു തടസ്സമാകുമെന്നതിനാലാണ് ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്മ തീരുമാനിച്ചതെന്നു പൊലീസ് കണ്ടെത്തി. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമലകുമാരൻ നായർ എന്നിവരാണ് കേസിലെ രണ്ടും മൂന്നും പ്രതികൾ. ഷാരോണിനെ ഒഴിവാക്കാനുള്ള ഗ്രീഷ്മയുടെ ശ്രമങ്ങൾക്ക് സിന്ധു ഒത്താശ ചെയ്തു കൊടുത്തെന്നും കീടനാശിനി ഗ്രീഷ്മയ്ക്ക് വാങ്ങിനൽകിയത് നിർമല കുമാരൻ നായരാണ് എന്നും കണ്ടെത്തിയിരുന്നു.