തിരുവനന്തപുരം: മക്കൾ സമാധിയിരുത്തിയ ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപന്റെ (മണിയൻ – 69) മരണകാരണം വ്യക്തമല്ലെന്ന് പൊലീസ്. ആന്തരാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചാലേ മരണകാരണം അറിയാൻ കഴിയൂ എന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ സംഘം പൊലീസിനെ അറിയിച്ചു. ശരീരത്തിൽ ക്ഷതമോ മുറിവുകളോ ഇല്ല. മരണം നടന്ന സമയത്തെക്കുറിച്ചും അവ്യക്തതയുണ്ട്. തലയിൽ കരുവാളിച്ച പാടുകളുണ്ട്. മരണകാരണം കണ്ടെത്താൻ 3 പരിശോധനാഫലങ്ങൾ പുറത്തുവരണം.
ശ്വാസകോശത്തിൽ ഭസ്മം കലർന്നിട്ടുണ്ടെന്നു സംശയമുണ്ട്. തലയിലെ കരുവാളിച്ച പാടുകൾ പരുക്കിന്റേതാണോ എന്നും പരിശോധിക്കണം. വിഷം ഉള്ളിൽ ചെന്നിട്ടുണ്ടോയെന്ന് അറിയണമെങ്കിൽ ആന്തരാവയവങ്ങളുടെ പരിശോധനാഫലവും പുറത്തു വരണം. ഇതിനു ദിവസങ്ങൾ വേണ്ടിവരുമെന്നാണ് പൊലീസ് വിലയിരുത്തൽ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം നെയ്യാറ്റിൻകര നിംസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
മൃതദേഹം ഇന്നു വൈകിട്ട് 3.30 ന് വീട്ടുവളപ്പിൽ കല്ലറ സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് ആചാരപ്രകാരം സമാധിയിരുത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. ആർഡിഒ കൂടിയായ സബ് കലക്ടർ ഒ.വി.ആൽഫ്രഡിന്റെ നേതൃത്വത്തിൽ ഇന്നലെ രാവിലെ 6ന് ഗോപന്റെ വസതിയിലെത്തിയ സംയുക്ത സംഘം 3 മണിക്കൂറിനുള്ളിൽ മൃതദേഹം പുറത്തെടുത്തു നടപടിക്രമങ്ങൾ പൂർത്തിയാക്കി. കല്ലറയ്ക്കുള്ളിൽ ചമ്രംപടഞ്ഞ് ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. കഴുത്തു ഭാഗം വരെ പൂജാദ്രവ്യങ്ങളാൽ മൂടിയിരുന്നു. ശരീരമാസകലം പൂശി, കർപ്പൂരം വിതറിയ നിലയിലായിരുന്നു. നടപടികളോട് ബന്ധുക്കൾ സഹകരിച്ചു. കഴിഞ്ഞ 10ന് ഗോപൻ സമാധിയായെന്ന് മക്കൾ വീടിനു സമീപം പോസ്റ്ററുകൾ പതിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.