Kerala

ചേന്ദമംഗലം കൂട്ടക്കൊലപാതകം; 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന്; അക്രമി മോഷണക്കേസ് ഉൾപ്പെടെ 3 കേസുകളിൽ പ്രതി

കൊച്ചി: എറണാകുളം ചേന്ദമംഗലത്തെ കൂട്ട കൊലപാതകത്തിൽ മരിച്ച 3 പേരുടെ പോസ്റ്റുമോർട്ടം ഇന്ന്. ചേന്നമംഗലം സ്വദേശി വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരുടെ പോസ്റ്റ്മോർട്ടമാണ് പറവൂർ താലൂക്ക് ആശുപത്രിയിൽ നടക്കുക. ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. വൈകീട്ടോടെ മൂന്നു പേരുടെയും സംസ്കാര ചടങ്ങുകൾ നടക്കും. ഗുരുതരമായി പരിക്കേറ്റ ജിതിൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ഋതു മോഷണക്കേസ് ഉൾപ്പെടെ 3 കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി ലഹരിക്കടിമയാണെന്നു മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു. കസ്റ്റഡിയിലുള്ള പ്രതി ഋതുവിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘം ഇന്ന് വിശദമായി ചോദ്യംചെയ്യും. നേരത്തെ മാനസിക ആരോഗ്യപ്രശ്നങ്ങളുള്ള പ്രതി വ്യക്തി വൈരാഗ്യം മൂലമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പ്രാഥമിക നിഗമനം.

പ്രതിയുടെ കുടുംബാംഗങ്ങളെ അപഹസിച്ചതിലുള്ള വിരോധമാണ് പ്രകോപനമായതെന്നാണ് സൂചന. ലഹരിക്ക് അടിമയായ പ്രതി കൊലപാതക സമയത്ത് ലഹരി ഉപയോഗിച്ചിരുന്നോ എന്നതടക്കം പൊലീസ് പരിശോധിക്കും. പ്രതിക്കെതിരെ നേരത്തെ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം.