കൊച്ചി: ജസ്റ്റിസ് കെ.ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന പ്രത്യേക സംഘത്തിന് 8 പരാതികൾ കൂടി ലഭിച്ചെന്നും ഇതിൽ അഞ്ചെണ്ണത്തിൽ കേസ് റജിസ്റ്റർ ചെയ്തെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നോഡൽ ഓഫിസർക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു 5 കേസുകൾ. 3 പരാതികൾ തുടർ നടപടികൾക്കായി ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനു കൈമാറിയിട്ടുണ്ടെന്നും അഡ്വക്കറ്റ് ജനറൽ (എജി) കെ.ഗോപാലകൃഷ്ണകുറുപ്പ് വിശദീകരിച്ചു.
വിനോദ വ്യവസായ മേഖലയ്ക്കായുള്ള നിയമത്തിനായി പരിഗണിക്കേണ്ട കരട് നിർദേശങ്ങൾ അമിക്കസ് ക്യൂറി സമർപ്പിച്ചു. ഫെമിനിസ്റ്റിക് സമീപനത്തോടൊപ്പം സാമൂഹിക സാമ്പത്തിക വെല്ലുവിളികൾ ഉൾപ്പെടെ ബഹുതലത്തിലുള്ള വിവേചനം കണക്കിലെടുത്തുള്ള സമഗ്രമായ നിയമമാണു വേണ്ടതെന്നു ജസ്റ്റിസ് ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഒരു സംസ്ഥാനത്തും ഇത്തരത്തിൽ സമഗ്രമായ നിയമമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം ഫെബ്രുവരി ആറിന് വീണ്ടും പരിഗണിക്കും.