തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം ഇന്ന് തുടങ്ങും. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭ സമ്മേളനം ആരംഭിക്കുന്നത്. അടുത്തമാസം ഏഴിനാണ് ഈ വർഷത്തെ ബജറ്റ് അവതരണം. ഉരുൾ പൊട്ടൽ ദുരന്തമുണ്ടായ വയനാടിന്റെ പുനർനിർമ്മാണത്തിന് പ്രസംഗത്തിൽ മുൻഗണന ഉണ്ടാകും. വയനാടിന് പ്രത്യേക പാക്കേജ് അനുവദിക്കാത്തതിൽ കേന്ദ്രത്തിനെതിരെ പ്രസംഗത്തിൽ വിമർശനത്തിന് സാധ്യതയുണ്ട്. വിസി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യുജിസിയുടെ കരട് ഭേദഗതിയെയും വിമർശിക്കാനിടയുണ്ട്.
പുതിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുടെ കേരള നിയമസഭയിലെ ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നടക്കുന്നത്. ചുമതലയേറ്റത് മുതൽ ഗവർണർ സർക്കാറുമായി അനുനയ ലൈനിലാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം സ്പീക്കർ രാജ്ഭവനിലെത്തി ഗവർണറെ നയപ്രഖ്യാപന പ്രസംഗത്തിനായി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. പിൻവലിച്ചെങ്കിലും വനനിയമഭേദഗതി അടക്കമുള്ള വിവാദ വിഷയങ്ങൾ സമ്മേളന കാലയളവിൽ പ്രതിപക്ഷം സർക്കാറിനെതിരെ ആയുധമാക്കും.