India

ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒയ്ക്ക് മൂന്നാം ലോഞ്ച് പാഡ് വരുന്നു

ന്യൂഡൽഹി: 4 വർഷത്തിനുള്ളിൽ ശ്രീഹരിക്കോട്ടയിൽ ഐഎസ്ആർഒയ്ക്ക് മൂന്നാം ലോഞ്ച് പാഡ് (വിക്ഷേപണത്തറ) വരുന്നു. 3,985 കോടി രൂപയുടെ പദ്ധതിക്കു കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. സതീഷ് ധവാൻ സ്പേസ് സെന്ററിൽ തന്നെയാണു പുതിയ വിക്ഷേപണത്തറ സജ്ജമാവുക. ഐഎസ്ആർഒയുടെ അടുത്ത തലമുറ റോക്കറ്റുകൾ വിക്ഷേപിക്കുന്നതിന് പുതിയ ലോഞ്ച് പാഡ് ഉപയോഗിക്കും.

എൻജിഎൽവിക്കു(നെക്സ്റ്റ്–ജെൻ ലോഞ്ച് വെഹിക്കിൾ) പുറമേ എൽവിഎം3 റോക്കറ്റുകളും വിക്ഷേപിക്കാൻ കഴിയും. നിലവിൽ 2 ലോഞ്ച് പാഡുകളാണുള്ളത്. ഒന്നാമത്തേത് പിഎസ്‍എൽവി, എസ്‍എസ്എൽവി റോക്കറ്റുകൾ വിക്ഷേപിക്കാനായിട്ടാണ് ഉപയോഗിക്കുന്നത്. ഇത് 30 വർഷം മുൻപാണ് സ്ഥാപിച്ചത്. രണ്ടാമത്തേത് 20 വർഷം മുൻപും. ഇതിൽ പ്രധാനമായും ജിഎസ്‍എൽവി, എൽവിഎം3 റോക്കറ്റുകളാണ് വിക്ഷേപിക്കുന്നത്.