ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനു സ്മാരകം നിർമിക്കാൻ വിജയ്ഘട്ടിനടുത്തു രാഷ്ട്രീയ സ്മൃതി കോംപ്ലക്സിൽ 1.5 ഏക്കർ കണ്ടെത്തി. ഇക്കാര്യം ബന്ധുക്കളെ സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ദുഃഖാചരണത്തിലായതിനാൽ അവർ മറുപടിയൊന്നും നൽകിയിട്ടില്ല. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ സ്മാരകത്തിനു വേണ്ടി ഈ മാസമാദ്യം ഇവിടെ ഭൂമി അനുവദിച്ചിരുന്നു.
ഇതിനു സമീപമാണു മൻമോഹൻ സിങ്ങിന്റെ സ്മാരകത്തിനു ഭൂമി കണ്ടെത്തിയിരിക്കുന്നത്. മൻമോഹൻ സിങ്ങിന്റെ കുടുംബം സ്ഥലം സന്ദർശിച്ച് സമ്മതം അറിയിച്ച ശേഷമാണ്, അദ്ദേഹത്തിന്റെ പേരിലുള്ള ട്രസ്റ്റിനു ഭൂമി അനുവദിക്കുക. മൻമോഹൻ സിങ്ങിന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കുമെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കിയിട്ടുണ്ട്. മൻമോഹൻ സിങ്ങിന്റെ സംസ്കാരം നിഗംബോധ് ഘട്ടിൽ നടത്തിയതിനെതിരെ കോൺഗ്രസ് രംഗത്തു വന്നിരുന്നു.