Entertainment

കാത്തിരിപ്പിനൊടുവിൽ എത്തി, മാസ് ലുക്കിൽ തല ; വിടാമുയർച്ചി ട്രെയിലർ പുറത്ത്

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിടാമുയർച്ചി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മകിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധാനം. പൊങ്കൽ റിലീസായി ജനുവരിയിൽ ചിത്രം പുറത്തിറങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇപ്പോൾ ട്രെയിലറിനൊപ്പം ചിത്രത്തിന്റെ റിലീസ് ഡേറ്റ് കൂടി പുറത്തുവിട്ടിട്ടുണ്ട്.

പക്ക ആക്ഷൻ മോഡിലുള്ള ചിത്രമായിരിക്കും വിടാമുയർച്ചി എന്ന് അടിവരയിടുന്നതാണ് ട്രെയിലർ. അജിത്തിന്റെ കാർ സ്റ്റണ്ടടക്കം ഉൾപ്പെടുത്തിയുള്ള ഒരു ട്രെയിലറിൽ നിരവധി ആക്ഷൻ രം​ഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സിനിമയുടെ ട്രെയ്‌ലർ ഇന്ന് നിർമാതാക്കൾ പുറത്തുവിടും. ട്രെയ്‌ലർ പുറത്തിറങ്ങുന്നതോടെ സിനിമയുടെ ഹൈപ്പ് കൂടുമെന്നാണ് നിർമാതാക്കളുടെ പ്രതീക്ഷ.

ഫെബ്രുവരി 6 ന് ആഗോള റിലീസായി ചിത്രം തീയേറ്ററുകളിലെത്തും. ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തില്‍ വമ്പന്‍ റിലീസായി വിതരണം ചെയ്യുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. യുഎ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ മുപ്പത് മിനിട്ടാണ് സിനിമയുടെ ദൈർഘ്യം. ‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. തൃഷയും അജിത്തും ഭാര്യാ-ഭർത്താക്കന്മാരായാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് സൂചന. ആക്ഷന്‍, ത്രില്‍, സസ്‌പെന്‍സ് എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസറും ഇപ്പോള്‍ വന്ന ട്രെയ്ലറും പറയുന്നു.

അജിത്, തൃഷ എന്നിവര്‍ കൂടാതെ അര്‍ജുന്‍, റെജീന കസാന്‍ഡ്ര, ആരവ്, നിഖില്‍, ദസാരഥി, ഗണേഷ്, വിഷ്ണു ഇടവന്‍, അറിവ്, അമോഗ് ബാലാജി, മോഹന്‍ രാജ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉള്‍പ്പെടെയുള്ള, നേരത്തെ പുറത്ത് വന്ന പോസ്റ്ററുകളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിടാമുയര്‍ച്ചിയുടെ സാറ്റലൈറ്റ് അവകാശം സണ്‍ ടിവിയും ഒടിടി അവകാശം നെറ്റ്ഫ്‌ലിക്‌സും വമ്പന്‍ തുകയ്ക്കാണ് നേടിയെടുത്തത്. അനിരുദ്ധ് രവിചന്ദർ സംഗീതം ചിട്ടപ്പെടുത്തുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ഓംപ്രകാശും എഡിറ്റിങ് നിർവഹിക്കുന്നത് എൻ ബി ശ്രീകാന്തുമാണ്. ‘വേതാളം’ എന്ന സിനിമക്ക് ശേഷം അനിരുദ്ധ് – അജിത്കുമാർ കോംബോ വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് ‘വിടാമുയർച്ചി’.