Kerala

ചേന്ദമംഗലം കൂട്ടക്കൊലപാതകം; പ്രതി റിതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി റിതുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതക സമയത്ത് പ്രതി ലഹരിയിലായിരുന്നില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ്. ഇന്ന് ഉച്ചയ്ക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ചേന്ദമംഗലം സ്വദേശി വേണു,ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ പ്രതി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ആക്രമിച്ചത് വിനീഷയെ, ഇതിനു പിന്നാലെ വേണുവിനെയും ഉഷയെയും ആക്രമിച്ചു. ഒടുവിലാണ് ജിതിൻ്റെ തലയ്ക്കടിച്ചതെന്നും പൊലീസ് പറഞ്ഞു. ജിതിൻ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. മരിച്ച 3 പേരുടെ ഇൻക്വസ്റ്റ് പൂർത്തിയായി. പോസ്റ്റ്മോർട്ടം കളമശ്ശേരി മെഡിക്കൽ കോളജിൽ. ബന്ധു വീട്ടിലെ പൊതുദർശനത്തിനു ശേഷം, 5 മണിക്ക് സംസ്ക്കാരം മുരിക്കും പാടം ശ്മശാനത്തിൽ നടക്കും.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല ഉണ്ടായത്.അയൽവാസിയായ റിതു, വേണുവിന്റെ വീട്ടിൽ ചെല്ലുകയും കുടുംബാംഗങ്ങളുമായി തർക്കത്തിൽ ഏർപ്പെടുകയും പിന്നീട് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് നാലുപേരുടെയും തലയ്ക്കടിക്കുകയുമായിരുന്നു. കൃത്യം നിർവഹിച്ച ശേഷം ബൈക്കിൽ പോവുകയായിരുന്ന പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. അയൽവാസികളുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പ്രതി ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളാണെന്നും ആലുവ റൂറൽ എസ് പി വൈഭവവ് സക്സേന പറഞ്ഞു. റിതു നിരന്തര ശല്യക്കാരനാണെന്നും മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടായിരുന്നെന്നും അയൽവാസികൾ പറഞ്ഞു.