ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ 3 പേരെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിന് പ്രത്യേക സംഘം. മുനമ്പം ഡിവൈഎസ്‌പി എസ് ജയകൃഷ്‌ണന്റെ നേതൃത്വത്തിൽ 17 അംഗം സംഘം കേസ് അന്വേഷിക്കും.
കൊല്ലപ്പെട്ടവരുടെ തലയിൽ ആഴത്തിൽ മുറിവുണ്ടെന്നാണ് എഫ്ഐആറിലുള്ളത്. കൊല്ലപ്പെട്ട വേണുവിന്‍റെ തലയിൽ മാത്രം ആറ് തവണ അടിയേറ്റേന്നും ആറ് മുറിവുകള്‍ ഇന്‍ക്വസ്റ്റിൽ കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട വിനീഷയുടെ തലയിൽ എട്ട് സെന്‍റീ മീറ്റര്‍ നീളത്തിലാണ് മുറിവുള്ളത്.
കൊല്ലപ്പെട്ട മൂന്നു പേര്‍ക്കും കഴുത്തിന് മുകളിലേക്ക് മാത്രമാണ് പരിക്കേറ്റിട്ടുള്ളത്. കൊല്ലപ്പെട്ട വേണു,ഉഷ, വിനീഷ എന്നിവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഉടൻ പോസ്റ്റ് മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കൊളേജിലേക്ക് കൊണ്ടുപോകും. പ്രതി ഋതുവിനെ വൈകിട്ട് കോടതിയിൽ ഹാജരാക്കും എന്ന് പൊലീസ് പറഞ്ഞു. മൂന്നുപേരുടെയും മൃതദേഹം ചേന്ദമംഗലം കരിമ്പാടത്തെ ബന്ധു വീട്ടിലെ പൊതുദർശനത്തിനു ശേഷം വൈകിട്ട് വൈപ്പിൻ മുരിക്കുംപാടം ശ്മശാനത്തിൽ സംസ്കരിക്കും.