India

നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ പ്രതി പൊലീസ് പിടിയില്‍

ബോളിവുഡ് നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ പ്രതിയെ മുംബൈ പൊലീസ് പിടികൂടി.
പ്രതിയെ ബാന്ദ്ര പൊലീസ് സ്റ്റേഷനിലെത്തിച്ചുവെന്നാണ് വിവരം. പൊലിസ് പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. 20 സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അക്രമത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു.

മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില മെച്ചപ്പെട്ടു. ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും എന്നാണ് പ്രതീക്ഷ. ഇന്നലെ നട്ടെല്ലിന്റെ ഭാഗത്ത് ശസ്ത്രക്രിയ നടത്തിയിരുന്നു. കത്തിയുടെ ഭാഗം നീക്കം ചെയ്തു. മറ്റു പരിക്കുകളിൽ പ്ലാസ്റ്റിക് സർജറി അടക്കം പൂർത്തിയായിട്ടുണ്ട്.

സെയ്ഫ് അലി ഖാനെ വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെയാണ് മുംബൈയിലെ ബാന്ദ്രയിലെ ഹൈറൈസ് അപ്പാർട്ട്‌മെന്‍റില്‍ അതിക്രമിച്ച് കയറിയാള്‍ മാരകമായി കുത്തി പരിക്കേൽപ്പിച്ചത്. നട്ടെല്ലിൽ കുത്തിയ കത്തിയുടെ ഒരു ഭാഗം കുടുങ്ങിയ നിലയിലാണ് സെയ്ഫിനെ ആശുപത്രിയില്‍ എത്തിച്ചത് എന്നാണ് വിവരം.