പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയും മൂന്നാം പ്രതി അമ്മാവൻ നിർമ്മലകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തിയുള്ള കോടതി വിധിക്ക് പിന്നാലെ വിങ്ങിപ്പൊട്ടി ഷാരോണിന്‍റെ മാതാപിതാക്കള്‍. രണ്ടാം പ്രതി അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്ന് ഷാരോണിന്‍റെ അമ്മ പ്രിയയും അച്ഛൻ ജയരാജും പ്രതികരിച്ചു.
ഗ്രീഷ്മക്ക് വധ ശിക്ഷ തന്നെ നൽകണമെന്ന് ഷാരോണിന്റെ അമ്മ പറഞ്ഞു. ആ സ്ത്രീയും ഒരമ്മ അല്ലേ? ഗ്രീഷ്മയ്ക്ക് കൂട്ടുനിന്ന അവരെയും ശിക്ഷിക്കണമായിരുന്നു. പൂർണമായും നീതി കിട്ടിയില്ലെന്നും ഷാരോണിന്‍റെ അമ്മ പ്രിയ പറഞ്ഞു.
പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയെങ്കിലും പൂര്‍ണമായും നീതി കിട്ടിയില്ല. അമ്മയെ വിട്ടയച്ചതിനെതിരെ നാളത്തെ ശിക്ഷാ വിധി വന്നശേഷം ഹൈക്കോടതിയിൽ അപ്പീൽ നൽകും. ഗ്രീഷ്മയുടെ അമ്മയും കുറ്റക്കാരിയല്ലേയെന്നും പിന്നെന്തിനാണ് അവരെ വെറുതെവിട്ടതെന്നും വിങ്ങിപ്പൊട്ടികൊണ്ട് ഷാരോണിന്‍റെ അമ്മ പ്രിയ ചോദിച്ചു.
ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കോടതി തീരുമാനിച്ചത് പ്രതീക്ഷിച്ച വിധിയാണ്. എന്നാൽ, അമ്മയെ വെറുതെ വിട്ടതിൽ തൃപ്കിയില്ല. ഗ്രീഷ്മയെയും അമ്മാവനെയും ശിക്ഷിക്കുമെന്നത് ബോധ്യമായി. ഗ്രീഷ്മയുടെ അമ്മ സിന്ധുകുമാരിയെ വെറുതെ വിടരുതായിരുന്നു. നാളത്തെ വിധി വന്നശേഷം തുടര്‍ കാര്യങ്ങള്‍ തീരുമാനിക്കും. അമ്മയെ വെറുതെ വിട്ടതിൽ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. ഗ്രീഷ്മയുടെ അമ്മയെ കുറ്റക്കാരിയായി വിധിക്കാത്തതിൽ വിഷമം ഉണ്ട്. നാളത്തെ വിധിയിൽ പരമാവധി ശിക്ഷ തന്നെ കൊടുക്കുമെന്നാണ് പ്രതീക്ഷയെന്നും ഷാരോണിന്‍റെ മാതാപിതാക്കള്‍ പറഞ്ഞു.
ഷാരോൺ വധക്കേസിൽ നെയ്യാറ്റിൻകര സെഷൻസ് കോടതി നാളെയായിരിക്കും പ്രതികള്‍ക്കുള്ള ശിക്ഷാ വിധി പറയുക.
നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീറാണ് കേസില്‍ വിധി പറഞ്ഞത്. 302, 328, 364, 201 വകുപ്പുകള്‍ പ്രകാരം ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് കണ്ടെത്തി. തെളിവുകളുടെ അഭാവത്തില്‍ രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ വെറുതെവിട്ടു. കേസിലെ മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കണ്ടെത്തി. തെളിവ് നശിപ്പിക്കലാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്. ഏഴ് വര്‍ഷം വരെ തടവുലഭിക്കുന്ന കുറ്റമാണിത്.
വിധിന്യായത്തില്‍ തൃപ്തരാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.2022 ഒക്ടോബര്‍ 14 ന് കാമുകനായ ഷാരോണ്‍ രാജിനെ തന്റെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ വേണ്ടി ഗ്രീഷ്മ കഷായത്തില്‍ വിഷം നല്‍കിയെന്നാണ് കേസ്. മെഡിക്കല്‍ കോളേജ് ഐ സി യു വില്‍ ചികിത്സയിലിരിക്കെ പതിനൊന്നാം ദിവസമാണ് ഷാരോണ്‍ രാജ് മരിച്ചത്.