വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ ഒരു സ്നാക്ക്സ് തയ്യാറാക്കിയാലോ? വളരെ എളുപ്പത്തിൽ രുചികരമായി തയ്യാറാക്കാവുന്ന കുമ്പിളപ്പത്തിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകള്‍
- ചക്കപ്പഴം – 1 കിലോഗ്രാം
- ശര്‍ക്കര – 250 ഗ്രാം
- ഏലയ്ക്ക – 8 എണ്ണം
- അരിപ്പൊടി വറുത്തത് – 2 കപ്പ്
- പഞ്ചസാര – 2 ടീസ്പൂണ്‍
- തേങ്ങ – 1
- നെയ്യ് – 2 ടേബിള്‍സ്പൂണ്‍
- വഴനയില (ബേ ലീഫ്) – 20 എണ്ണം
- വെള്ളം – 150 മില്ലിലിറ്റര്‍
തയാറാക്കുന്ന വിധം
കുമ്പിള്‍ ഇല കഴുകി തുടച്ച് എടുക്കണം. ചക്കപ്പഴത്തിന്റെ കുരുമാറ്റി ചെറുതാക്കി അരിഞ്ഞെടുത്ത ശേഷം മിക്‌സിയില്‍ അരച്ച് എടുക്കാം. ശര്‍ക്കര കുറച്ച് വെള്ളം ചേര്‍ത്ത് പാനിയാക്കാം. പഞ്ചസാര ചേര്‍ത്ത് ഏലയ്ക്കാ പൊടിച്ചെടുക്കാം. അടികട്ടിയുള്ള പാത്രത്തില്‍ ചക്കപ്പഴം അരച്ചതിലേക്കു ശര്‍ക്കരപ്പാനി അരിച്ച് ഒഴിച്ചത് ചേര്‍ത്ത് യോജിപ്പിച്ച് ചൂടാക്കാം. തീ കുറച്ച് വേണം പാകം ചെയ്യാന്‍. ഏലയ്ക്കാപൊടിച്ചതും ഒരു നുള്ള് ഉപ്പും ഇതിലേക്കു ചേര്‍ക്കാം. ആവശ്യത്തിനു നെയ്യ് ചേര്‍ത്തു കൊടുക്കാം.
വെന്തു വരുമ്പോള്‍ തീ ഓഫ് ചെയ്യാം. തേങ്ങാചിരകിയതും അരിപ്പൊടിയും ഇതിലേക്കു ചേര്‍ത്ത് നന്നായി യോജിപ്പിച്ച് എടുക്കാം. വഴനയില കുമ്പിള്‍ ആകൃതിയില്‍ കോട്ടിയതിലേയ്ക്ക് കൂട്ട് നിറച്ച് അപ്പച്ചെമ്പില്‍ വേവിച്ചെടുക്കാം. നല്ല നാടന്‍ കുമ്പിള്‍ അപ്പം ചെറു ചൂടോടെ അല്ലെങ്കില്‍ ഫ്രിജില്‍ വച്ച് തണുപ്പിച്ചും കഴിക്കാം.