Kerala

ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ

സംഗീത സംവിധായകനായിരുന്ന ജി. ദേവരാജൻ മാസ്റ്ററുടെ സഹോദരനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജി. രവീന്ദ്രനാണ് (93) മരിച്ചത്. റിട്ട. ജില്ലാ പഞ്ചായത്ത് സെക്രട്ടറിയാണ്. അവിവാഹിതനായ ഇദ്ദേഹം കഴിഞ്ഞ അഞ്ചു വർഷമായി ഗുരുവായൂർ ക്ഷേത്തത്തിനടുത്ത് പടിഞ്ഞാറേ നടയിലെ കാപ്പിറ്റൽ സഫറോൺ ഫ്ലാറ്റിൽ തനിച്ചായിരുന്നു താമസിച്ച് വന്നിരുന്നത്.

രണ്ട് ദിവസമായി രവീന്ദ്രനെ ഫ്ലാറ്റിന് പുറത്ത് കാണാത്തതിനാൽ അടുത്തുള്ള താമസക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം വെള്ളിയാഴ്ച തൃശൂർ ലാലൂരിലെ പൊതുശ്മശാനത്തിൽ സംസ്കരിക്കും.

പറവൂർ കോട്ടപ്പുറം പുന്നക്കാട്ട് വീട്ടിൽ കൊച്ചുഗോവിന്ദൻ ആശാന്റെയും കൊച്ചുകുഞ്ഞിന്റെയും മക്കളാണ് ദേവരാജൻ മാസ്റ്ററും രവീന്ദ്രനും.