Kerala

ഡോക്ടറെ കൈയ്യേറ്റം ചെയ്യാന്‍ ആഹ്വാനം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണം: കാടത്തത്തിനെതിരെ മനസ്സാക്ഷി ഉണരണമെന്നു കെ.ജി.എം.ഒ.എ

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്ക് ആശുപത്രി പരിമിതമായ ഭൗതികസാഹചര്യങ്ങള്‍ കൊണ്ടും മനുഷ്യവിഭവശേഷിക്കുറവു കൊണ്ടും ഏറെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ പ്രതിസന്ധികളെ അതിജീവിച്ച് തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തം ആത്മാര്‍ത്ഥതയോടെ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്ന ഇവിടുത്തെ ഡോക്ടര്‍മാര്‍ക്കും മറ്റ് ആശുപത്രി ജീവനക്കാര്‍ക്കും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഇല്ലാതായിരിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരി 8ന് ഒരു വനിത ഡോക്ടര്‍ക്ക് നേരെ ആശുപത്രിയില്‍ നടന്ന അതിക്രമത്തിനും ഡ്യൂട്ടി തടസ്സപ്പെടുത്തലിനുമെതിരെ അവര്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടായിരുന്നത്. ഇതിന് തയ്യാറാവാത്തതില്‍ പ്രകോപിതരായ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ പ്രതികാര ബുദ്ധിയോടെ പ്രതിഷേധ പരിപാടികള്‍ ആശുപത്രിക്ക് മുന്നില്‍ നടത്തി. 16ന് നടന്ന ഉപവാസ സമരത്തില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് UA റസാക്ക് പറഞ്ഞത് ആശുപത്രി ഗേറ്റിന്റെ വെളിയില്‍ ഇറങ്ങിയാല്‍ ഡോക്ടര്‍മാരെ കൈകാര്യം ചെയ്യുമെന്നും അതിനായി ജയിലില്‍ പോകാനും മടിക്കില്ല എന്നാണ്.

അക്രമണത്തിനുള്ള ഈ പരസ്യമായ ആഹ്വാനത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പടരുകയാണ്. അതിനു മുന്‍പ് ഡോക്ടറെ വധിക്കുമെന്ന് ചിലര്‍ ആശുപത്രി അധികൃതരോട് തന്നെ ഭീഷണി മുഴക്കുകയും ചെയ്തതായി അറിയുന്നു. രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതിനായി രാവും പകലുമില്ലാതെ കഷ്ടപ്പെടുന്ന ഡോക്ടര്‍മാരെ കൊലയ്ക്ക് കൊടുക്കാനുള്ള പരസ്യമായ ആഹ്വാനത്തെ അങ്ങേയറ്റം ഗൗരവത്തോടെയാണ് കെ.ജി.എം.ഒ.എ കാണുന്നത്. ഇനിയും വന്ദന ദാസിനെപ്പോലെയോ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ പിജി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെപ്പോലെയോ ഒരു ഡോക്ടര്‍ ഉണ്ടാവരുത്.

ഇത്തരത്തിലുള്ള അധമ പ്രവൃത്തികള്‍ക്ക് ഒരുമ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു കൊണ്ട് സംഘടന മുന്നോട്ട് പോവുകയാണ്. ജീവഭയം കൂടാതെ ജോലി ചെയ്യാന്‍ മാത്രമല്ല സുരക്ഷിതമായി ജീവിക്കാന്‍ കൂടി സാധ്യമല്ലാത്ത വിധം കൊലവിളി നടത്തിക്കൊണ്ട് അരാജകത്വം സൃഷ്ടിക്കുന്നവര്‍ക്ക് അര്‍ഹമായ ശിക്ഷ ഉറപ്പാക്കണമെന്നും ആശുപത്രി സംരക്ഷണ നിയമം നോക്കുകുത്തിയാവാന്‍ അനുവദിക്കരുതെന്നും കെ ജി എം ഒ എ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

CONTENT HIGH LIGHTS; Those who called to assault doctors and threatened to kill them should be brought to justice: KGMOA urges conscience against quagmire