വയനാട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ ലഹരി വേട്ട. സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. ഹൈദരാബാദിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് 1.957 കിലോഗ്രാം കഞ്ചാവുമായി വന്ന വയനാട് കൃഷ്ണഗിരി സ്വദേശി സഞ്ജീത് അഫ്താബ് റ്റി.എസ് (22) എന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനക്കിടെ സംശയം തോന്നി എക്സൈസ് ഉദ്യോഗസ്ഥർ സഞ്ജീതിന്‍റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
ഹൈദരാബാദിൽ നിന്നും കേരളത്തിൽ വിൽപ്പന നടത്താനായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ സജിമോൻ. പി.റ്റി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർമാരായ അനീഷ്.എ.എസ്, വിനോദ്.പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വൈശാഖ്.വി.കെ, ബിനു.എം.എം എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.