World

ഇമ്രാൻ ഖാനും ഭാര്യയും അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ പ്രതികൾ; 14 വർഷം തടവിന് ശിക്ഷിച്ച് കോടതി

അൽ ഖാദിർ ട്രസ്റ്റ് അഴിമതിക്കേസിൽ കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയും കുറ്റക്കാരെന്ന് കോടതി. ഇമ്രാൻ ഖാന് പതിനാലും ബുഷ്‌റ ബീബിക്ക് ഏഴുവർഷം തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്. വ്യസ്ത്യസ്ത കാരണങ്ങളാൽ മൂന്നുതവണ മാറ്റിവച്ച വിധിയാണ് പാകിസ്താൻ അഴിമതി വിരുദ്ധ കോടതി വെള്ളിയാഴ്ച പ്രഖ്യാപിച്ചത്.

2023 ഡിസംബറിലാണ് ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബിബിയും ഉൾപ്പെടെ എട്ടുപേർക്കെതിരെ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ 1554 കോടി രൂപയുടെ അഴിമതി കേസ് രജിസ്റ്റർ ചെയ്തത്. റിയൽ എസ്റ്റേറ്റ് വ്യവസായിയുമായുള്ള ഒത്തുതീർപ്പിൻ്റെ ഭാഗമായി യുകെയിലെ നാഷണൽ ക്രൈം ഏജൻസി പാകിസ്താനിനിലേക്ക് തിരിച്ചയച്ച 1554 കോടി രൂപ തുക ദുരുപയോഗം ചെയ്തു എന്നതാണ് അൽ ഖാദിർ ട്രസ്റ്റ് കേസ്.

ഝലമിലെ അൽ ഖാദിർ സർവകലാശാലയ്‌ക്കായി 57.25 ഏക്കർ ഭൂമി ഏറ്റെടുത്തതുൾപ്പെടെ ഒത്തുതീർപ്പിൽനിന്ന് അൽ ഖാദിർ ട്രസ്റ്റിൻ്റെ ട്രസ്റ്റി എന്ന നിലയിൽ ബുഷ്‌റ ബിബിയും പ്രയോജനം നേടിയതായാണ് കേസ്. 200 ഓളം കേസുകളിൽ കുറ്റാരോപിതനായ ഇമ്രാൻ ഖാൻ, 2023 ഓഗസ്റ്റ് മുതൽ ജയിലുകളിൽ കഴിയുകയാണ്. ഏറ്റവും പുതിയ ശിക്ഷാവിധി ഇമ്രാനെ നിശബ്ദനാക്കാനുള്ള ശ്രമമാണെന്നാണ് അദ്ദേഹത്തിനൊപ്പമുള്ളവർ ആരോപിക്കുന്നത്.