ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു സമീപം മദ്യം കയറ്റി വന്ന ലോറിയിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എന്നാൽ, അപകടം നടന്നയുടനെ ലോറി ഡ്രൈവർ ബാറ്ററിയുടെയും ഡീസൽ ടാങ്കിലേയ്ക്കുമുള്ള വാഹനത്തിൻ്റെ ബന്ധങ്ങൾ വിഛേദിച്ചത് വൻ ദുരന്തം ഒഴിവാക്കി. സംഭവത്തെ തുടർന്ന് ഇരിങ്ങാലക്കുട അസി. സ്റ്റേഷൻ ഓഫിസർ കെ. പി. സജീവൻ്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി.
വാഹനത്തിൻ്റെ എഞ്ചിനിലെ ടർബോ കത്തിയതാണ് അപകടത്തിന് കാരണമായതെന്നാണ് അഗ്നിശമന സേന പ്രാഥമികമായി വിലയിരുത്തുന്നത്. സംസ്ഥാന പാതയിൽ റോഡ് നിർമാണം നടക്കുന്നതിനാൽ തൃശ്ശൂർ ഭാഗത്തേയ്ക്കുള്ള വാഹനങ്ങൾ ഇരിങ്ങാലക്കുട വഴിയാണ് കടത്തി വിടുന്നത്. അപകടത്തെ തുടർന്ന് ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.