Celebrities

‘പ്രണയിച്ച പെണ്‍കുട്ടി വേറെ കല്യാണം കഴിച്ചു; ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം ഞാന്‍ അവരെ വിവാഹം കഴിച്ചു’; വിവാഹത്തെ കുറിച്ച് ജനാര്‍ദ്ദനന്‍ | janardhanan spoke about his love story

ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും അതിനോട് താല്പര്യം ഉണ്ടായിരുന്നില്ല

ഒരു കാലത്ത് ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് ജനാര്‍ദ്ദനന്‍. ഇപ്പോഴും സിനിമയില്‍ സജീവമാണെങ്കിലും മുന്‍പ് ചെയ്തിരുന്ന കഥാപാത്രങ്ങളൊന്നും താരത്തെ തേടി എത്തുന്നില്ലെന്നാണ് ആരാധകരുടെ അഭിപ്രായം. മുൻപ് ഇറങ്ങിയിരുന്ന എല്ലാ സിനിമകളിലും നടനെ കാണാമായിരുന്നു. വ്യത്യസ്തമായ സൗണ്ട് കൊണ്ടാണ് താരം ശ്രദ്ധേയനാകുന്നത്. തുടക്ക കാലത്ത് വില്ലൻ കഥാപാത്രങ്ങൾ ആയിരുന്നുവെങ്കിൽ പിന്നീടത് സ്വഭാവനടനിലേക്കും ഇടയ്ക്ക് ഹാസ്യനടനിലേക്കും മാറി.

തന്റെ ജീവിതത്തിലെ ചില കഥകള്‍ അഭിമുഖങ്ങളിലൂടെ നടന്‍ തുറന്നു പറഞ്ഞിരുന്നു. അതിലൊന്ന് ചെറിയ പ്രായത്തിലെ ഉണ്ടായിരുന്ന പ്രണയകഥയാണ്. അന്ന് പ്രണയിച്ച പെണ്‍കുട്ടി വേറെ കല്യാണം കഴിച്ചു പോയെങ്കിലും ഭര്‍ത്താവ് ഉപേക്ഷിച്ചതിനു ശേഷം താന്‍ അവരെ വിവാഹം കഴിച്ചു എന്നാണ് മുന്‍പ് ഒരു അഭിമുഖത്തില്‍ ജനാര്‍ദ്ദനന്‍ വെളിപ്പെടുത്തിയത്. വലിയ പ്രശംസയാണ് താരത്തിന് അന്ന് ലഭിച്ചിരുന്നത്.

‘എന്റെ പ്രണയം എന്ന് പറയുന്നത് വല്ലാത്തൊരു കഥയാണ്. കൊച്ചുനാളില്‍ ഒരുമിച്ചു കളിച്ചു വളര്‍ന്ന ഒരു പെണ്‍കുട്ടിയായിരുന്നു അത്. മാനസികമായിട്ടുള്ള ബന്ധമേ ഉണ്ടായിരുന്നുള്ളു. നമുക്കൊരു നല്ല കാലം വരുമ്പോള്‍ കല്യാണം കഴിക്കാമെന്ന് കരുതി. അങ്ങനെയാണ് ഞാന്‍ എയര്‍ഫോഴ്‌സില്‍ ഒക്കെ ജോലിയ്ക്ക് പോയി ജോയിന്‍ ചെയ്തത്.

പക്ഷേ ആ പെണ്‍കുട്ടിയുടെ അച്ഛന്‍ വലിയ ഓഫീസര്‍ ആയിരുന്നു. ഞാന്‍ ആ ജോലി വിട്ടിട്ട് വന്ന് ഒന്നുമില്ലാതെ നടക്കുകയാണ്. അതിനുശേഷം സിനിമ എന്നു പറഞ്ഞ് നടക്കാനും തുടങ്ങി. അന്നത്തെ കാലത്ത് ഒരു കുടുംബജീവിതത്തിന് യോഗ്യതയില്ലാത്ത കാരണങ്ങളാണ് ഇതൊക്കെ. പഠിക്കാന്‍ കൊണ്ടാക്കിയപ്പോള്‍ പഠിച്ചതുമില്ല, ജോലിക്ക് പോയ സ്ഥലത്ത് നിന്ന് തല്ലി പിരിഞ്ഞു വരികയും ചെയ്തു. പിന്നെ ചേര്‍ന്നിരിക്കുന്നത് സിനിമയിലാണ്. അന്ന് സിനിമയെന്ന് പറഞ്ഞാല്‍ വലിയ കുഴപ്പമാണ്.

ഇതോടെ ആ പെണ്‍കുട്ടിക്ക് നല്ലൊരു ആലോചന വന്നപ്പോള്‍ അവര്‍ അവളെ കല്യാണം കഴിപ്പിച്ചു കൊടുത്തു. പക്ഷേ നമ്മുടെ പ്രണയം അന്നും ഒരു അടി തട്ടില്‍ ഇങ്ങനെ കടന്നു പോകുന്നുണ്ടായിരുന്നു. കോളേജിലൊക്കെ പോയപ്പോഴും പല ഇഷ്ടങ്ങളും തോന്നിയെങ്കിലും അതൊന്നും സീരിയസ് പ്രണയമാകുവാന്‍ മനസ്സ് അനുവദിച്ചിരുന്നില്ല. അതാണ് എന്റെ പ്രണയത്തിന് ഒരു പ്രത്യേകതയുണ്ടെന്ന് പറഞ്ഞത്.

ആ പെണ്‍കുട്ടി കല്യാണം കഴിഞ്ഞ് രണ്ടര വര്‍ഷത്തിനുള്ളില്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു. അയാള്‍ക്ക് അമേരിക്കയിലേക്ക് പോവണം എന്ന് പറഞ്ഞ് തന്ത്രപരമായി ഇവരുടെ അടുത്ത് നിന്ന് ഡിവോഴ്‌സ് വാങ്ങിയിട്ട് സ്ഥലം വിട്ടു. അവിടെ ചെന്നിട്ട് അയാള്‍ വേറെ കല്യാണം കഴിച്ചു. ഈ പെണ്‍കുട്ടി വല്ലാത്ത ബുദ്ധിമുട്ടിലായി. പിന്നെ ഞങ്ങള്‍ക്കിടയില്‍ എഴുത്തും കുത്തുകളും ഒക്കെ ഉണ്ടായിരുന്നു. എന്തായാലും തുടങ്ങിവച്ചതല്ലേ ആ ബന്ധത്തില്‍ തന്നെ പോകാമെന്ന് കരുതി. അതാണ് തന്റെ ഭാര്യ എന്നാണ് നടന്‍ ജനാര്‍ദ്ദനന്‍ പറയുന്നത്.

സിനിമയിലേക്ക് വന്നതിന് അവരുടെ യാതൊരു പിന്തുണയും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് കാര്യമായ എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോള്‍ ആര്‍ക്കും അതിനോട് താല്പര്യം ഉണ്ടായിരുന്നില്ല. പലരും നന്നാവില്ലെന്നാണ് പറഞ്ഞത്. പിന്നീട് അവിടെയും ഇവിടെയും ഒക്കെ മുഖം കണ്ടു തുടങ്ങിയതോടെ എതിര്‍പ്പുകളൊക്കെ മാറിയെന്നും,’ ജനാര്‍ദ്ദനന്‍ പറയുന്നു.