Food

നല്ല നാടന്‍ ചീര-പരിപ്പ് കറി തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ

പച്ച ചീര – 300 ഗ്രാം
ചുവന്ന പരിപ്പ് – 3/4 കപ്പ്
തേങ്ങ ചിരകിയത് – 1/2 കപ്പ്
പച്ച മുളക് – 2 എണ്ണം
ചെറിയുള്ളി – 3 എണ്ണം
ചെറിയ ജീരകം – 1/4 ടീ സ്പൂൺ
മഞ്ഞൾപൊടി
ഉപ്പ് – ആവശ്യത്തിന്
മുളക് പൊടി – 1/2 ടീ സ്പൂൺ
വെളിച്ചെണ്ണ
കടുക്
വെളുത്തുള്ളി ചതച്ചത്
ഉണക്ക മുളക്
വേപ്പില
സവാള

തയ്യാറാക്കേണ്ട രീതി

ഒരു കുക്കറിലേക്ക് പരിപ്പ് കഴുകി വൃത്തിയാക്കിയ ശേഷം ഇട്ടു കൊടുക്കുക. ഇതിലേക്ക് ആവശ്യത്തിന് വെള്ളവും മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് രണ്ടു വിസിൽ വരെ വേവിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും പച്ചമുളകും ചെറിയ ഉള്ളിയും ചെറിയ ജീരകവും ചേർത്ത് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റി വെക്കുക. ഒരു മൺചട്ടി അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ചതച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി ചേർത്ത് കൊടുക്കുക. കൂടെ തന്നെ ഉണക്കമുളകും വേപ്പിലയും ചേർത്തു കൊടുത്തു നന്നായി വഴറ്റുക. ഇനി ഇതിലേക്ക് ചെറുതായി അരിഞ്ഞ സവാള ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റുക. സവാള നന്നായി വാടി കഴിയുമ്പോൾ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചീര ചേർത്ത് കൊടുത്ത് നന്നായി ഇളക്കുക. ശേഷം ഇത് അടച്ചുവെച്ച് ചീര വേവുന്ന വരെയും കുക്ക് ചെയ്യുക. ഇനി ഇതിലേക്ക് വേവിച്ചു വെച്ചിരിക്കുന്ന പരിപ്പ് ചേർത്ത് കൊടുക്കുക. നന്നായി ഇളക്കി അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് കൂടി ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് തിളപ്പിച്ചെടുക്കുക. ചീരയും പരിപ്പും കൊണ്ട് അടിപൊളി ഒഴിച്ചു കറി റെഡി.