India

സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍; ഡൽഹിയിൽ വൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടന പത്രിക

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടന പത്രിക പുറത്തിറക്കി. സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപ സഹായം, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറുകള്‍, മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 2500 രൂപ പെന്‍ഷന്‍ എന്നിവയാണ് പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങള്‍. ബിജെപി പ്രസിഡന്റ് ജെ പി നദ്ദയാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

ഗർഭിണികൾക്ക് ഒറ്റത്തവണ 21,000 രൂപയും ആറ് പോഷകാഹാര കിറ്റുകളും ആദ്യ കുട്ടിക്ക് 5,000 രൂപയും രണ്ടാമത്തെ കുട്ടിക്ക് 6,000 രൂപയും നൽകുമെന്ന് ബിജെപിയുടെ പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. 2021ൽ സ്ത്രീകൾക്ക് 1,000 രൂപ നൽകുമെന്ന് എഎപി വാഗ്ദാനം ചെയ്തെങ്കിലും പഞ്ചാബിലോ ദില്ലിയിലോ പാലിച്ചിട്ടില്ലെന്ന് നദ്ദ ആരോപിച്ചു.

ദില്ലിയിൽ ബിജെപി അധികാരത്തിലെത്തിയാൽ കേന്ദ്രത്തിന്‍റെ ആദ്യ കാബിനറ്റ് യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ പദ്ധതി നടപ്പാക്കുമെന്ന് നദ്ദ ഉറപ്പുനൽകി. എഎപി സർക്കാർ ഈ കേന്ദ്ര പദ്ധതിയെ എതിർത്തിരുന്നു. മുതിർന്ന പൗരന്മാർക്ക് 5 ലക്ഷം രൂപയുടെ അധിക ആരോഗ്യ പരിരക്ഷ ലഭിക്കും. ഇതോടെ പ്രായമായവർക്ക് നൽകുന്ന മൊത്തം ആരോഗ്യ പരിരക്ഷ 10 ലക്ഷമായി ഉയർത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നു.

ഭിന്നശേഷിക്കാർക്കും വിധവകൾക്കുമുള്ള സഹായം 3,000 രൂപയായി ഉയർത്തുമെന്നും പ്രകടന പത്രികയിൽ പറയുന്നു. എല്ലാ ചേരികളിലും അടൽ കാന്‍റീനുകൾ സ്ഥാപിക്കുമെന്നും അവിടെ 5 രൂപയ്ക്ക് ഭക്ഷണം നൽകുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു.

ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാ പൊതുജനക്ഷേമ പദ്ധതികളും തുടരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. നിലവിലുള്ള പൊതുപജനക്ഷേമ പദ്ധതികളിലെ എല്ലാ അഴിമതി ആരോപണങ്ങളും അന്വേഷിക്കുമെന്നും നദ്ദ പറഞ്ഞു.