തിരുവനന്തപുരം: ഫാസ്റ്റ് പാസഞ്ചർ മുതൽ എ സി സ്ലീപ്പർ ബസുകൾ ഉൾപ്പടെ ദിവസേന നൂറ് കണക്കിന് സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന തിരുവനന്തപുരം സെൻട്രൽ ബസ് സ്റ്റേഷനിൽ ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തി. ‘എന്‍റെ പ്രകൃതി’ വാട്ട്സ്ആപ്പ് കൂട്ടായ്മയുമായി ചേർന്ന് ബസ് ടെർമിനലിൽ നടപ്പിലാക്കുന്ന ഗാർഡൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു കെ എസ് ആർ ടി സി ഡിപ്പോയിലെ മറ്റിടങ്ങളിലും ഗണേഷ് കുമാർ അപ്രതീക്ഷിതമായി പരിശോധന നടത്തിയത്. കെ എസ് ആർ ടി സി എംഡി പ്രമോജ് ശങ്കറും മറ്റ് ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്‍റെ മുൻ ഭാഗത്തും വെയിറ്റിംഗ് റൂം, ബസ് പാർക്കിങ് ഏരിയ ഉൾപ്പെടെ പരിസരങ്ങളുമെല്ലാം മന്ത്രി പരിശോധന നടത്തിയ മന്ത്രി എല്ലാ സ്ഥലങ്ങളും വൃത്തിയോടെ സൂക്ഷിക്കുവാൻ ഉദ്യോഗസ്ഥർക്ക കർശന നിർദ്ദേശം നൽകി. വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ ആ വിഭാഗം ജീവനക്കാരെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. കെ എസ് ആർ ടി സി ബസുകൾ വൃത്തിയായി കഴുകണം എന്നും ഇടവിട്ടുള്ള ദിവസങ്ങളിൽ ബസ് കഴുകുന്നത് വന്ന് പരിശോധിക്കുമെന്നും വൃത്തിയായി കഴുകിയില്ലെന്ന് ബോധ്യപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിപ്പും നൽകി.
കൂടാതെ ബസ് സ്റ്റേഷൻ കെട്ടിടം പ്രവർത്തിക്കുന്ന കെ ടി ഡി എഫ് സിയുടെ സെക്യൂരിറ്റി ജീവനക്കാർ പൊതുജനങ്ങളോട് മാന്യതയോടെ പെരുമാറണമെന്നും വീഴ്ചയുണ്ടായാൽ കർശനമായ നടപടിയുണ്ടാകുമെന്നും ഗതാഗത മന്ത്രി പറഞ്ഞു. കെ എസ് ആർ ടി സി ബസ് സ്റ്റാന്‍റിലെ മാലിന്യം, ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് നേരത്ത പരാതികൾ ഉയർന്നിരുന്നു.
content highlight: kb-ganesh-kumar-minnal-raid-inspection