ദില്ലി: മെട്രോയിൽ യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് അരവിന്ദ് കെജ്‌രിവാളിന്റെ കത്ത്. വിദ്യാർത്ഥികൾ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് മെട്രോ സേവനം. അവരുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനായി 50 ശതമാനം ഇളവ് വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെജ്‌രിവാൾ തുറന്ന കത്തെഴുതിയത്.
“കേന്ദ്ര- ദില്ലി സർക്കാർ ചേർന്നാണ് മെട്രോ പ്രൊജക്റ്റ് ആരംഭിച്ചത്. അതിനാൽ തന്നെ ഇരുകൂട്ടരും ചേർന്നാണ് ഇതിന്റെ ചെലവ് പങ്കിടുന്നത്. ആം ആദ്മി പാർട്ടി വിദ്യാർത്ഥികൾക്കായി സൗജന്യ യാത്ര ഒരുക്കാനാണ് തീരുമാനം. ഞങ്ങളും ബസ് യാത്ര പൂർണമായും സൗജന്യമാക്കാൻ ഒരുങ്ങുകയാണ്. ഈ നിർദേശം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു”- കെജ്‌രിവാൾ പോസ്റ്റിൽ പറഞ്ഞു.
ദില്ലിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കെജ്‌രിവാളിന്റെ കത്ത്. 70 അംഗങ്ങളുള്ള ദില്ലി നിയമസഭയുടെ തെരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിനാണ് നടക്കുന്നത്. ഫെബ്രുവരി എട്ടിനാണ് വോട്ടെണ്ണൽ. എഎപി, ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ കടുത്ത മത്സരമാണ് രാജ്യ തലസ്ഥാനത്ത് നടക്കാൻ പോകുന്നത്. മൂന്ന് പാർട്ടികളും പല തരം വാഗ്ദാനങ്ങളും ഇതിനോടകം നൽകി കഴിഞ്ഞു.
content highlight: arvind-kejriwal-writes-a-letter-to-pm-modi