റിയാദ്: ഇന്നത്തെ കാലത്ത് ആരും പണം കൈയിൽ കൊണ്ടു നടക്കാറില്ല. എല്ലാരും ഓൺലൈൻ പേയ്മെൻ്റുകളാണ് ചെയ്യാറുള്ളത്. അതിനായി ഇന്ത്യയിൽ കൂടുതലും ആളുകൾ ഉപയോഗിക്കുന്നത് ‘ഗൂഗിള്‍ പേ’ സംവിധാനം ആണ്. ഇപ്പോഴിതാ ഇനി സൗദി അറേബ്യയിലും ഇത് ലഭ്യമാകും. ഇത് സംബന്ധിച്ച കരാറില്‍ സൗദി സെന്‍ട്രല്‍ ബാങ്കും (സാമ) ഗൂഗിളും ഒപ്പുവെച്ചിരിക്കുകയാണ്. ദേശീയ പേയ്മെന്റ് സംവിധാനമായ ‘mada’ വഴി 2025ല്‍ തന്നെ പദ്ധതി രാജ്യത്ത് ആരംഭിക്കുമെന്ന് സൗദി സെന്‍ട്രല്‍ ബാങ്ക് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
സൗദി വിഷന്‍ 2030ന്റെ ഭാഗമായി രാജ്യത്തിന്റെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം മെച്ചപ്പെടുത്തുന്നതിനായുള്ള സൗദി സെന്‍ട്രല്‍ ബാങ്കിന്റെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായാണ് ഗൂഗിള്‍ പേ സൗദിയില്‍ എത്തുന്നത്. ഇനിമുതല്‍ സൗദിയിലെ ഷോപ്പുകളിലും ആപ്പുകളിലും കയവിക്രയത്തിന് നൂതനവും സുരക്ഷിതവുമായ പേയ്മെന്റ് രീതി ഗൂഗിള്‍ പേ പദ്ധതിയിലൂടെ ഉപയോഗിക്കാനാവും.
ഗൂഗിള്‍ വാലറ്റില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ mada കാര്‍ഡുകള്‍ സൗകര്യപ്രദമായി ചേര്‍ക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്ന തരത്തിലുള്ള നൂതന ഡിജിറ്റല്‍ പേയ്മെന്റ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ പണത്തെ ആശ്രയിക്കാത്ത , ശക്തമായ ഡിജിറ്റല്‍ പേയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ചറാണ് സൗദി സെന്‍ട്രല്‍ ബാങ്ക് ലക്ഷ്യമിടുന്നത്.