സൗദി ഫുട്ബോൾ ലീഗിൽ അൽ ഹിലാൽ ക്ലബ്ബിന് വേണ്ടി ബ്രസീലിയൻ സൂപ്പർ താരം നെയ്‌മർ ഇനി കളിക്കില്ല. നെയ്മറിന് പരിക്കുകൾ കാരണം കേവലം രണ്ട് മത്സരങ്ങൾ മാത്രമാണ് അൽ ഹിലാലിന് വേണ്ടി കളിക്കാനായത്. ഈ സീസണിലെ രണ്ടാം പകുതിയിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കായി അൽ ഹിലാൽ നെയ്മറെ രജിസ്റ്റർ ചെയ്യില്ല. അൽ ഹിലാൽ കോച്ച് ഹൊർഹെ ജെസ്യൂസ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റെക്കോർഡ് പ്രതിഫലത്തിന് രണ്ട് വർഷത്തെ കരാറിലാണ് 2023ൽ ഫ്രഞ്ച് ക്ലബ് പിഎസ്ജി വിട്ട് ബ്രസീലിയൻ സുൽത്താൻ സൗദിയിൽ എത്തിയത്. എന്നാൽ, തുടർച്ചയായി വന്ന പരിക്കുകളും ഫിറ്റ്നസ് പ്രശ്നങ്ങളും താരത്തിന്റെ അൽ ഹിലാലിലെ കരിയർ ഇല്ലാതാക്കി.
വളരെ കുറച്ച് സമയം മാത്രമാണ് കളിച്ചതെങ്കിലും കരാർ പ്രകാരം 101 ദശലക്ഷം യൂറോയാണ് രണ്ട് വർഷത്തേക്കുള്ള നെയ്മറിന്റെ പ്രതിഫലം. ഭീമൻ പ്രതിഫലം നൽകിയിട്ടും താരത്തിന്റെ സേവനം ലഭിക്കാത്തത് അൽ ഹിലാലിന് വലിയ നഷ്ടമാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിലാണ് സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾക്ക് നെയ്മറെ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്ന് ക്ലബ് തീരുമാനിച്ചത്.
സൗദി ലീഗിൽ രജിസ്റ്റർ ചെയ്യുന്നില്ലെങ്കിലും എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ബ്രസീലിയൻ സൂപ്പർ താരത്തിന് തുടർന്നും കളിക്കാൻ സാധിക്കും. തുടർച്ചയായ പരിക്കുകൾ കാരണം നെയ്മറിന് തങ്ങൾ പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ലെന്ന് അൽ ഹിലാൽ കോച്ച് ഹൊർഹെ ജെസ്യൂസ് പറഞ്ഞു.
നിലവിലെ സൗദി ലീഗ് ചാമ്പ്യൻമാരും രാജ്യത്തെ പ്രമുഖ ക്ലബ്ബുമായ അൽ ഹിലാലുമായുള്ള നെയ്മറുടെ കരാർ ഈ സീസണോടെ അവസാനിക്കും. പരിക്കുകൾ തുടർക്കഥയായ താരത്തിന്റെ കരാർ സൗദി ക്ലബ് പുതുക്കാൻ സാധ്യതയില്ല. പ്രിയ സുഹൃത്തും അർജന്റീന സൂപ്പർ താരവുമായ മെസി കളിക്കുന്ന ഇന്റർ മയാമിയിലേക്ക് നെയ്‌മർ കൂടുമാറുമോ എന്നാണ് ഇനി ആരാധകർ ഉറ്റുനോക്കുന്നത്.
ബാഴ്സയിലും പിഎസ്‌ജിയിലും ലയണൽ മെസിക്കൊപ്പം കളിച്ച നെയ്‌മറെ അമേരിക്കൻ ലീഗിലേക്ക് എത്തിക്കാൻ ഇന്റർ മയാമിക്ക് താൽപ്പര്യം ഉണ്ടെന്ന അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച് സ്ഥിരീകരിക്കാവുന്ന നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇന്റർ മയാമി മുന്നേറ്റനിരയിൽ മെസിക്ക് പിന്തുണയുമായി കഴിഞ്ഞ സീസണിൽ ലൂയിസ് സുവാരസും എത്തിയിരുന്നു.
2017ൽ പിഎസ്‌ജിയിലേക്ക് റെക്കോർഡ് ട്രാൻസ്ഫർ തുകയ്ക്ക് ചേക്കേറും മുൻപ് ബാഴ്സലോണയിൽ മെസിക്കും സുവാരസിനുമൊപ്പം നെയ്മറും കളിച്ചിരുന്നു. എംഎസ്എൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന മൂവർ സംഘമാണ് അക്കാലത്ത് ബാഴ്സയുടെ വൻ വിജയങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ക്ലബ് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര കൂട്ടുകെട്ടുകളിൽ ഒന്നായാണ് എംഎസ്എൻ സഖ്യം വിലയിരുത്തപ്പെടുന്നത്.
2026 ലോകകപ്പിൽ ബ്രസീലിന് വേണ്ടി കളിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അടുത്തിടെ നെയ്‌മർ പറഞ്ഞിരുന്നു. അത് കൊണ്ട് തന്നെ എത്രയും പെട്ടെന്ന് മറ്റേതെങ്കിലും ക്ലബ്ബിലേക്ക് ചേക്കേറാനാകും താരം ശ്രമിക്കുക. ശാരീരിക ക്ഷമത വീണ്ടെടുത്ത സ്ഥിതിക്ക്
കൂടുതൽ മത്സരങ്ങൾ കളിച്ച് നഷ്ടപ്പെട്ട പ്രഭാവം തിരിച്ചുപിടിക്കുക എന്നതാണ് നെയ്മറിന് മുന്നിലുള്ള പ്രധാന കടമ്പ.