തിരുവനന്തപുരം: ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളുമായി ജനിച്ച കുഞ്ഞിനെ തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റി. ഇന്ന് വൈകുന്നേരമാണ് ആലപ്പുഴയിൽ നിന്ന് ആംബുലൻസിൽ കുഞ്ഞിനെ തലസ്ഥാനത്തെ എസ്എടി ആശുപത്രിയിലെത്തിച്ചത്. ആരോഗ്യപരിശോധനകൾക്ക് ശേഷം പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ചു.
നിലവിൽ ആരോഗ്യസ്ഥിതി ത്യപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആലപ്പുഴയിൽ കുഞ്ഞിന് നൽകി വന്ന ചികിത്സകൾ തുടരും. എസ്എടി ആശുപത്രിയിലെ ഡോക്‌ടർമാരും ആലപ്പുഴയിലെ ഡോക്‌ടർമാരും ആശയവിനിമയം നടത്തി. തുടർചികിത്സയ്ക്കായി മെഡിക്കൽ യോഗം ചേരും. വിശദമായ പരിശോധനകളും തുടർചികിത്സകളും തീരുമാനിക്കും.
ആലപ്പുഴ സ്വദേശികളായ അനീഷ് മുഹമ്മദ് സുറുമി ദമ്പതികൾക്ക് വൈകല്യങ്ങളോടെ കുഞ്ഞു പിറന്നിട്ട് രണ്ടു മാസം തികഞ്ഞിട്ടും തുടർചികിത്സ ലഭിക്കാത്തതിൽ കുടുംബം പരാതി അറിയിച്ചിരുന്നു. പിന്നാലെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഗർഭകാല ചികിത്സാ പിഴവാണ് കുഞ്ഞിന് വൈകല്യങ്ങൾ ഉണ്ടാകാൻ കാരണ മെന്നാണ് ആരോപണം.
വിവാദം ശക്തമായതോടെ കുഞ്ഞിന് സൗജന്യ ചികിത്സ നൽകുമെന്ന് ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചു. കുഞ്ഞിനെ പരിശോധിക്കാനും അന്വേഷണത്തിനുമായി ആലപ്പുഴയിലേക്ക് വിദഗ്ധ സംഘത്തെയും അയച്ചു .എന്നാൽ ഒന്നരമാസം കഴിഞ്ഞിട്ടും കുഞ്ഞിന്‍റെ തുടർചികിത്സ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചില്ല.
കുഞ്ഞിന്‍റെ ചികിത്സ സംബന്ധിച്ച് യാതൊരു നടപടിയും ആകാത്ത സാഹചര്യത്തിലാണ് ആലപ്പുഴയിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ കുഞ്ഞുമായി അമ്മ സുറുമി എത്തി പരാതി അറിയിച്ചു. പരാതി കേട്ട മന്ത്രി സജി ചെറിയാൻ കുഞ്ഞിന്‍റെ തുടർ ചികിത്സ പൂർണമായും സൗജന്യമാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രാത്രിയോടെ കുഞ്ഞിനെ എത്തിച്ചത്.
content highlight: baby-who-born-with-severe-disabilities