വിചിത്ര രൂപമെന്ന് ആദ്യം കാണുന്ന ആരും ചോദിച്ചു പോവുന്ന രൂപത്തിലൊരു പാലമുണ്ട് അങ്ങ് യുറഗ്വായിൽ. നേര്‍ക്കു നേരെ പണിയാവുന്ന പാലം വൃത്താകൃതിയില്‍ നിര്‍മിച്ചിരിക്കുന്നതാണ് ഈ പാലത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നത്. നേരെ പണിതിരുന്നെങ്കില്‍ പാഴ് ചെലവ് ഒഴിവാക്കാമായിരുന്നെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്, മലയാളികളും ആ ചർച്ചയിലുണ്ട്. ആ പാലം വൃത്താകൃതിയിലായതിനു പിന്നില്‍ പാഴ് ചെലവല്ല പല കാരണങ്ങളുമുണ്ടെന്നതാണ് വസ്തുത. ലഗൂന ഗാര്‍സോണ്‍ ബ്രിജ് എന്നാണ് യുറഗ്വയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ഈ പാലം അറിയപ്പെടുന്നത്. തീരദേശത്ത് ഏകദേശം 4,448 ഏക്കറില്‍ പരന്നു കിടക്കുന്ന ചതുപ്പു നടുവിലൂടെയാണ് ഈ മനോഹരമായ പാലം പണിതുയര്‍ത്തിയിരിക്കുന്നത്.
യുറഗ്വയുടെ നാഷണല്‍ റൂട്ട് 10 ലേക്ക് ചേരുന്ന ഭാഗമാണിത്. റോച്ച എന്നറിയപ്പെടുന്ന പ്രദേശത്തെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. നേരത്തെ ഈ പ്രദേശത്തുള്ളവര്‍ ബോട്ടുകളും ജംഗാറുകളും ഉപയോഗിച്ചായിരുന്നു പ്രധാന കരയിലേക്ക് എത്തിയിരുന്നത്. പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് പാരിസ്ഥിതിക പ്രത്യാഘാതം പരമാവധി കുറച്ചാണ് ലഗുണ ഗാര്‍സോണ്‍ പാലത്തിന്റെ നിര്‍മാണം. സവിശേഷ ആകൃതികൊണ്ട് പകല്‍ സമയത്ത് കുറച്ചു സമയം മാത്രമായിരിക്കും പാലത്തിന്റെ നിഴല്‍ തുടര്‍ച്ചയായി ഒരേ സ്ഥലത്തുവീഴുക. റാഫേല്‍ വിനോളി എന്ന ആര്‍ക്കിടെക്ടാണ് ഈ പാലത്തിന്റെ ഡിസൈൻ തയാറാക്കിയത്.. ഏകദേശം 202 മീറ്ററാണ് പാലത്തിലെ റിങ് റോഡിന്റെ വലിപ്പം. 20 മീറ്റര്‍ ഇടവിട്ട് 16 തൂണുകളിലായിട്ടാണ് ഈ പാലം നിര്‍മിച്ചിരിക്കുന്നത്.
പരമാവധി അകലത്തില്‍ കുറഞ്ഞ തൂണുകള്‍ മാത്രം ഉപയോഗിച്ചാണ് നിര്‍മാണം. ഈ തൂണുകള്‍ക്കിടയിലെ അകലം പാലത്തിനടിയിലൂടെ സുഗമമായി ബോട്ടുകള്‍ക്ക് പോവാനുള്ള സാഹചര്യവും ഒരുക്കുന്നു. വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശം കൂടിയാണിത്. നിരവധി റിസോര്‍ട്ടുകള്‍ ഈ പ്രദേശത്തുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലുമായി നടപ്പാതകളും ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ഇരിക്കാനും മീന്‍ പിടിക്കാനുമെല്ലാം സൗകര്യമുള്ള ഇടമായി കൂടിയാണ് ലഗുണ ഗര്‍സോണ്‍ നിര്‍മിച്ചിരിക്കുന്നത്. വ്യത്യസ്ത ഇനം പക്ഷികളെ കാണപ്പെടുന്നതിനാല്‍ ഈ പാലത്തിലേക്ക് പക്ഷി നിരീക്ഷണത്തിനും നിരവധി പേര്‍ എത്തുന്നുണ്ട്. വിനോദ സഞ്ചാരത്തിനും പരിസ്ഥിതിക്കും പ്രാധാന്യം നല്‍കുന്ന പ്രാദേശിക ഭരണകൂടമാണ് ഈ പാലത്തിന്റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചതെന്നതും ഇങ്ങനെയൊരു പാലം നിര്‍മിക്കുന്നതില്‍ നിര്‍ണായകമായി.
പാലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരുദിശയില്‍ നിന്നുള്ളവര്‍ക്ക് അര്‍ധവൃത്താകൃതിയിലുള്ള ഭാഗമാണ് മറികടക്കേണ്ടി വരിക. ഇത് വാഹനങ്ങളുടെ വേഗത കുറക്കാനും ട്രാഫിക്ക് നിയന്ത്രിക്കുന്നതിനും കൂടി സഹായിക്കുന്നതാണ്. വെറുതേ ഒരുപാലത്തിലൂടെ കടന്നു പോവുക എന്നതിനേക്കാള്‍ പ്രദേശത്തിന്റെ മനോഹാരിത ആസ്വദിക്കുന്ന അനുഭവം സമ്മാനിക്കാനും ലഗുണ ഗാര്‍സോണ്‍ പാലത്തിനാവും. 2015 ഡിസംബറിലാണ് ഈ പാലം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തത്. ഇന്ന് പ്രതിദിനം ആയിരത്തിലേറെ വാഹനങ്ങള്‍ ലഗുണ ഗാര്‍സോണ്‍ പാലത്തിലൂടെ കടന്നു പോവുന്നുണ്ട്.
STORY HIGHLIGHTS: laguna-garzon-bridge-in-uruguay