Entertainment

മൂന്ന് പ്ലാറ്റ്ഫോമുകളിൽ സ്ട്രീമിംഗ് ; ക്രൈം ത്രില്ലർ ‘ആനന്ദ് ശ്രീബാല’ ഒടിടിയില്‍

അർജുൻ അശോകനെ നായകനാക്കി വിഷ്ണു വിനയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘ആനന്ദ് ശ്രീബാല’. തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് നവംബര്‍ 15 ന് ആയിരുന്നു. തിയേറ്ററുകളിൽ ചിത്രം ത്രില്ലർ ആസ്വാദകരും കുടുംബ പ്രേക്ഷകരും ഒരേ പോലെ ഏറ്റെടുത്തിരുന്നു. രണ്ട് മാസത്തിനിപ്പുറമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. മൂന്ന് പ്ലാറ്റ്‍ഫോമുകളിലാണ് ചിത്രം എത്തിയിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ്, സിംപ്ലി സൗത്ത് എന്നീ പ്ലാറ്റ്‍ഫോമുകളിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. സിംപ്ലി സൗത്തില്‍ ഇന്ത്യയ്ക്ക് പുറത്തുള്ളവര്‍ക്ക് മാത്രമാണ് ചിത്രം കാണാനാവുക.

കേരളത്തില്‍ നടന്ന ഒരു യാഥാര്‍ത്ഥ സംഭവം മുഖ്യപ്രമേയമാക്കിയാണ് വിഷ്ണു വിനയ് ചിത്രം ഒരുക്കിയിരിക്കുന്നത്. കൊച്ചിയിലെ ലോ കോളേജിൽ നിന്നും നിയമവിദ്യാർത്ഥിനിയെ കാണാതാകുന്നതും തുടർന്ന് നടക്കുന്ന സമാന്തരമായ രണ്ട് അന്വേഷണങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആത്മഹത്യചെയ്തു വെന്ന് പോലീസും നാട്ടുകാരും വിശ്വസിക്കുന്ന, വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മെറിന്റെയും അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കാൻ ജീവന്‍ പണയംവെച്ച്‌ പോരാട്ടത്തിനിറങ്ങുന്ന ആനന്ദിന്റെയും കഥ തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടിയിരുന്നു. ആനന്ദ് ശ്രീബാലയായി അർജ്ജുൻ അശോകൻ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിൽ ചാനൽ റിപ്പോർട്ടറുടെ വേഷമാണ് അപർണ ദാസ് കൈകാര്യം ചെയ്യുന്നത്.

മാളികപ്പുറത്തിന്റെ തിരക്കഥയൊരുക്കിയ അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാളികപ്പുറം, 2018 എന്നി ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ആനന്ദ് ശ്രീബാല നിർമ്മിച്ചത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംഗീത ഏറെനാളുകൾക്കുശേഷം അഭിനയിച്ച മലയാളചിത്രം എന്ന പ്രത്യേകത കൂടി ആനന്ദ് ശ്രീബാലയ്ക്കുണ്ട്.

സൈജുകുറുപ്പ്, സിദ്ദിഖ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, നന്ദു, കോട്ടയം നസീർ, സലിം ഹസ്സൻ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. രഞ്ജിൻ രാജാണ് സംഗീതം. വിഷ്ണു നാരായണൻ ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിംഗും നിർവ്വഹിച്ചു.