Kerala

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വിഐപി പരിഗണന; ഡിഐജിയും സൂപ്രണ്ടും വഴിവിട്ട് സഹായിച്ചു; നടപടിക്കു ശുപാർശ

തിരുവനന്തപുരം: ബോബി ചെമ്മണൂരിന് എറണാകുളം ജില്ലാ ജയിലിൽ മധ്യമേഖലാ ജയിൽ ഡിഐജി പി.അജയകുമാറും ജയിൽ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്തെന്നു ജയിൽ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരെയും സസ്പെൻഡ് ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നു ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ്കുമാർ ശുപാർശ ചെയ്തെന്നാണു വിവരം. ഇന്നു ജയിൽ വകുപ്പ് മേധാവിക്കു നൽകുന്ന ഈ റിപ്പോർട്ട്, ഇന്നുതന്നെ ആഭ്യന്തര സെക്രട്ടറിക്കു കൈമാറും.

അപേക്ഷ നൽകാതെയും ഗേറ്റ് റജിസ്റ്ററിൽ രേഖപ്പെടുത്താതെയും സന്ദർശകരെ അകത്തു പ്രവേശിപ്പിച്ചു, തടവുകാരനു ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി, ജയിലിലെ പ്രോപ്പർട്ടി റജിസ്റ്ററിൽ തിരുത്തൽ വരുത്തി, സൂപ്രണ്ടിന്റെ മുറിയിൽ തടവുകാരനു ശുചിമുറി സൗകര്യം നൽകി എന്നിവയാണ് ഇരുവർക്കുമെതിരെ കണ്ടെത്തിയ കുറ്റങ്ങൾ. ഡിഐജി എത്തിയതു ബോബി ചെമ്മണൂരിന്റെ കാറിലാണെന്നും കണ്ടെത്തി. ഒപ്പമുണ്ടായിരുന്നവരിൽ ഒരാൾ തൃശൂരിലെ ‘പവർ ബ്രോക്കർ’.

ജയിൽ സൂപ്രണ്ട് ഒഴികെയുള്ള മുഴുവൻ ഉദ്യോഗസ്ഥരും ഡിഐജിക്കെതിരെ മൊഴി നൽകി. മേലുദ്യോഗസ്ഥനെതിരെ മൊഴി നൽകാൻ തയാറല്ലെന്നു നിലപാടെടുത്ത സൂപ്രണ്ട് അന്വേഷണത്തോടു സഹകരിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്. സിസിടിവി ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്നാണു സൂപ്രണ്ട് അറിയിച്ചതെങ്കിലും ഹെഡ്ക്വാർട്ടേഴ്സ് ഡിഐജിയുടെ പരിശോധനയിൽ പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തി. തൊട്ടടുത്തുള്ള വനിതാ ജയിലിൽ സ്ഥാപിച്ചിരുന്ന ക്യാമറയിൽനിന്ന്, കാറിൽ മധ്യമേഖലാ ജയിൽ ഡിഐജിയും സംഘവും വന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു.