World

ഗസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ മന്ത്രിസഭയുടെ അംഗീകാരം; നാളെ മുതൽ പ്രാബല്യത്തിൽ

തെൽ അവീവ്: ഗസയിലെ വെടിനിർത്തൽ കരാറിന് ഇസ്രയേൽ സമ്പൂർണ മന്ത്രിസഭയുടെ അംഗീകാരം. കരാർ നാളെ മുതൽ പ്രാബല്യത്തിൽ വരും. സുരക്ഷാ മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചശേഷമാണ് വെടിനിർത്തൽ കരാർ 33 അംഗ സമ്പൂർണ മന്ത്രിസഭയുടെ വോട്ടെടുപ്പിനായി കൈമാറിയത്.

ഇന്നലെ സുരക്ഷാ മന്ത്രിസഭ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകുകയും ഹമാസ് മോചിപ്പിക്കുന്ന ആദ്യഘട്ട ബന്ദികളുടെ പേരുവിവരങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. 33 പേരാണ് ആദ്യ പട്ടികയിലുള്ളത്. കരാർ പ്രകാരം ഇവരെ ഞായറാഴ്ച മുതൽ മോചിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കയെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു.

അതേസമയം, കരാറിനെതിരെ ഇസ്രായേൽ ഹൈക്കോടതിയിൽ ഹരജികൾ നിലവിലുണ്ട്. ഫലസ്തീൻ തടവുകാരെ വിട്ടയയ്ക്കുന്ന വിഷയത്തിലാണ് തർക്കമുള്ളത്. എന്നാൽ, കോടതി ഈ വിഷയത്തിൽ ഇടപെടില്ലെന്നാണ് റിപ്പോർട്ട്. തീവ്രവലതുപക്ഷക്കാരനായ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗിവിർ കരാറിനെതിരെ രംഗത്തുവന്നിട്ടുണ്ട്. കരാർ അംഗീകരിച്ചാൽ തന്റെ ഒറ്റ്‌സ്മ യെഹൂദിത് പാർട്ടി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്നാണ് ഇദ്ദേഹം മുന്നറിയിപ്പ് നൽകിയത്. എന്നാൽ, നെതന്യാഹു സർക്കാരിനെ അട്ടിമറിക്കില്ലെന്നും യുദ്ധം പുനരാരംഭിച്ചാൽ വീണ്ടും കൂടെ ചേരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.