കോട്ടയം: വീടിന് തീപ്പിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി(75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. അടുപ്പിൽനിന്ന് തീ പടർന്നതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെ രാത്രി 11 മണിയോടെ വീട്ടില്‍നിന്നു തീയും പുകയും ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ സ്ഥലത്തെത്തിയത്. ഉടന്‍ തീ അണക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഒടുവില്‍ വൈക്കം പൊലീസും ഫയര്‍ഫോഴ്‌സും എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മേരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.
വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീ പിടിത്തത്തിന്റെ ആക്കം കൂട്ടി. മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.