കോഴിക്കോട്: കോഴിക്കോട്ടെ വ്യവസായി മുഹമ്മദ് ആട്ടൂര്‍ എന്ന മാമിയുടെ തിരോധാനത്തില്‍ അന്വേഷണ സംഘത്തിനെതിരെ മാമിയുടെ ഡ്രൈവര്‍ രജിത് കുമാര്‍ നല്‍കിയ പരാതി തള്ളി. പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് നല്‍കിയ പരാതിയാണ് തള്ളിയത്. ഡിജിപി എം ആർ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് എതിരെയായിരുന്നു പരാതി. പരാതി നൽകിയെങ്കിലും തുടർച്ചയായി സിറ്റിംഗുകളിൽ ഹാജരാകാത്തതിനെ തുടർന്നാണ് തള്ളിയത്. അന്വേഷണ സംഘം മാനസികമായി പീഡിപ്പിക്കുന്നെന്ന് കാണിച്ചാണ് പരാതി നൽകിയത്.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിറകെ രജിത് കുമാറും ഭാര്യയും നാടുവിട്ടിരുന്നു. ഇരുവരെയും കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരെയും ഗുരുവായൂരിൽ നിന്നും കണ്ടെത്തി. ക്രൈംബ്രാഞ്ചിൻ്റെ തുടർച്ചയായ ചോദ്യം ചെയ്യൽ മൂലമുണ്ടായ മനോവിഷമത്തിലാണ് മാറി നിന്നതെന്ന് മാമിയുടെ ഡ്രൈവർ രജിത് കുമാറും ഭാര്യ സുഷാരയും പൊലീസിനു മൊഴി നൽകി. കുറ്റവാളികളോട് പെരുമാറുന്നതുപോലെയാണ് ക്രൈംബ്രാഞ്ച് പെരുമാറിയത്. മാമിയുടെ തിരോധാനത്തിൽ പങ്കില്ലെന്നും ഇരുവരും പൊലീസിനോട് പറഞ്ഞു.
20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്തായിരുന്നു. ലോക്കല്‍ പൊലീസും പിന്നീട് വന്ന പ്രത്യേക അന്വേഷണ സംഘവും നിലവില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘവും മാമി തിരോധാനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ചോദ്യം ചെയ്തതും രജിത് കുമാറിനെയായിരുന്നു. തുടർന്ന് വീണ്ടും ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചു. തുഷാരയുടെ ഫോൺ പിടിച്ചെടുത്ത അന്വേഷണ സംഘം ഫോറൻസിക് പരിശോധനക്ക് അയച്ചു. വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിന് പിറകെയാണ് ഇരുവരെയും കാണാതായത്.
CONTENT HIGHLIGHT: mami’s driver’s compalaint against the-investigation team was rejected