Kerala

‘ഭരണം തീരുംമുമ്പുള്ള കടുംവെട്ട്; രാജഭരണ കാലത്ത് പോലും നടക്കാത്തതാണിത്’; ഡിസ്റ്റിലറിക്കുള്ള അനുമതി പിൻവലിക്കണമെന്ന് രമേശ് ചെന്നിത്തല | ramesh chennithala against palakkad kanjikode distillery

കുടിക്കാൻ തുള്ളി വെള്ളമില്ലാത്ത സ്ഥലമാണ് കഞ്ചിക്കോട്

തൃശ്ശൂര്‍: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നില്‍ അഴിമതിയും സ്വജനപക്ഷപാതവുമാണെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ടെന്‍ഡര്‍ വിളിക്കാതെയും യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയുമാണ് ഓയാസിസ് കമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ഡിസ്റ്റിലറി തുടങ്ങാന്‍ അനുമതി നല്‍കിയതെന്നും എക്സൈസ് വകുപ്പ് സി.പി.എമ്മിന്‍റെ കറവപശുവാണെന്നും അദ്ദേഹം പറഞ്ഞു.

1999 ൽ ഡിസ്റ്റലറിയും ബ്രൂവറിയും അനുവദിക്കരുതെന്ന് നിയമം പാസാക്കി. കഞ്ചിക്കോട് ബോട്ട് ലിങ് പ്ലാൻ്റും ഡിസ്റ്റലറിയും തുടങ്ങാൻ മന്ത്രിസഭ അംഗീകാരം നല്‍കി. കുത്തക കമ്പനിയ്ക്ക് അനുമതി നൽകി. രാജഭരണ കാലത്ത് പോലും നടക്കാത്തതാണിത്. കേരളത്തിന്‍റെ വാതായനങ്ങൾ മദ്യക്കമ്പനികൾക്ക് തുറന്നു കൊടുത്തു. ടെൻഡർ പോലും വിളിക്കാതെയാണ് ഒയാസിസ് കമ്പനിയ്ക്ക് അനുമതി നൽകിയത്.

കുടിക്കാൻ തുള്ളി വെള്ളമില്ലാത്ത സ്ഥലമാണ് കഞ്ചിക്കോട്. വലിയ സമരം ചെയ്തു കൊക്കോള കമ്പനി പൂട്ടിച്ചു. എലപ്പുള്ളി പഞ്ചായത്ത് ഭരിക്കുന്നത് കോൺഗ്രസ് ആണ്. അവര്‍ അനുമതി നൽകില്ല. പ്രതിവർഷം അഞ്ചു കോടി ലിറ്റർ വെള്ളം കമ്പനിക്ക് വേണം. കേരളത്തിന് ആവശ്യമില്ലാത്ത പദ്ധതിയാണിത്. ഭരണം തീരുംമുമ്പുള്ള കടുംവെട്ടാണ് സി.പി.എമ്മിന്‍റേത്. പദ്ധതിക്കെതിരെ ശക്തമായ നടപടിയുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

CONTENT HIGHLIGHT: ramesh chennithala against palakkad kanjikode distillery