India

പൊങ്കൽ ആഘോഷം പൊടിപൊടിച്ചു; നാല് ദിവസംകൊണ്ട് കുടിച്ചുതീർത്തത് 725.56 കോടി രൂപയുടെ മദ്യം | tn liquor sales hit a high in pongal season

162.74 കോടി രൂപയുടെ (7.07%) വർധനയാണ് ഈ വർഷമുണ്ടായത്.

ചെന്നൈ: എന്ത് ആഘോഷം വന്നാലും മദ്യമില്ലാത്ത ഒന്നാവില്ല. അതിപ്പോൾ കേരളത്തിൽ മാത്രമല്ല, അങ്ങ് തമിഴ്‌നാട്ടിലും മാറ്റമൊന്നുമില്ല. പൊങ്കൽ ആഘോഷം പൊടിപൊടിച്ചപ്പോൾ ഒപ്പം തമിഴ്‌നാട്ടിൽ റെക്കാ‌ഡ് മദ്യവിൽപനയും. തമിഴ്‌നാട് സ്‌റ്റേറ്റ് മാർക്കറ്റിംഗ് കോർപ്പറേഷൻ്റെ (ടാസ്മാക്) വഴി ജനുവരി 12 മുതൽ 16 വരെ 725.56 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞവർഷമിത് 678.65 കോടി രൂപയായിരുന്നു.

ജനുവരി 1 മുതൽ 16 വരെ, ടാസ്മാകിലൂടെ 2,462.97 കോടി രൂപയുടെ മദ്യം വിറ്റു. 2024 ലെ ഇതേ കാലയളവിൽ 2,300.23 കോടി രൂപയുടെ മദ്യമാണ് വിറ്റത്. 162.74 കോടി രൂപയുടെ (7.07%) വർധനയാണ് ഈ വർഷമുണ്ടായത്.

പൊങ്കൽ ആഘോഷവേളയിൽ നിരവധി പേർ അവധിക്ക് സ്വന്തം നാട്ടിലേക്ക് പോയതിനാൽ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും മദ്യവിൽപ്പന കുറഞ്ഞതായി മുതിർന്ന ടാസ്മാക് ഉദ്യോഗസ്ഥൻ പറഞ്ഞു. കന്യാകുമാരി, നാഗപട്ടണം, തിരുവാരൂർ, രാമനാഥപുരം എന്നിവയുൾപ്പെടെ 12 ജില്ലകളിലും വിൽപ്പനയിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. പേരമ്പാലൂരിലാണ് വിൽപ്പനയിൽ ഏറ്റവും കൂടുതൽ വർധന രേഖപ്പെടുത്തിയത്. ബിയർ വിൽപ്പനയിലും പേരമ്പാലൂർ ഒന്നാം സ്ഥാനത്താണ്. ജില്ലയിൽ കഴിഞ്ഞ വർഷം 22,435 കെയ്‌സുകൾ വിറ്റഴിച്ചപ്പോൾ 27,047 കെയ്‌സുകൾ വിറ്റു.

പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് ചില്ലറ വിൽപ്പനശാലകൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ബില്ലിംഗ് സംവിധാനം കോർപ്പറേഷനെ സഹായിച്ചതായി ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഈ മാസം അവസാനത്തോടെ ബാക്കിയുള്ള ജില്ലകളിലും ക്യുആർ കോഡ് ബില്ലിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

CONTENT HIGHLIGHT: tn liquor sales hit a high in pongal season