India

‘വീട്ടില്‍ നിന്ന് ഒന്നും നഷ്ടപെട്ടിട്ടില്ല; സെയ്ഫ് ഒറ്റയ്ക്കാണ് അക്രമിയെ നേരിട്ടത്’; കരീന കപൂറിന്റെ മൊഴി വിവരങ്ങൾ പുറത്ത് | kareena kapoor police statement

കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത് എന്നും കരീനയുടെ മൊഴിയിൽ പറയുന്നു

മുംബൈ: നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഭാര്യ കരീന കപൂറിന്റെ മൊഴി വിവരങ്ങൾ പുറത്ത്. വീട്ടില്‍ നിന്ന് ഒന്നും നഷ്ടപെട്ടിട്ടില്ലെന്നും കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത് എന്നും കരീനയുടെ മൊഴിയിൽ പറയുന്നു.

അക്രമം നടക്കുമ്പാള്‍ താന്‍ പേടിച്ചുപോയെന്നും സെയ്ഫ്, ഒറ്റക്കാണ് അക്രമിയെ നേരിട്ടതെന്നും കരീന പൊലീസിന് മൊഴി നൽകി. സെയ്ഫിന് കുത്തേറ്റതുകണ്ട് ഭയപ്പെട്ടുപോയ തന്നെ സഹോദരി കരിഷ്മ കപൂർ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നും കരീന പൊലീസിനോട് പറഞ്ഞു.

അതേസമയം പ്രതി മുംബൈ വിട്ടതായി സംശയം. ഇയാൾ ഗുജറാത്തിലേക്ക് കടന്നുവെന്നാണു പൊലീസിന്റെ നിഗമനം. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവിലാണു പൊലീസ് ഇത്തരത്തിലൊരു നിഗമനത്തിൽ എത്തിച്ചേർന്നത്. അന്വേഷണസംഘം ഗുജറാത്തിലേക്കു പുറപ്പെട്ടു. അതേസമയം, മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ ഇപ്പോഴും തിരച്ചിൽ തുടരുന്നുണ്ട്.

പ്രതിയുടെ പുതിയ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു. കുറ്റകൃത്യത്തിനു ശേഷം പ്രതി വീടിനു പുറത്തെത്തി വസ്ത്രം മാറിയാണു രക്ഷപ്പെട്ടത്. ഇയാൾ‌ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ നീല ഷർട്ട് ധരിച്ചെത്തിയ ചിത്രങ്ങളാണു പുറത്തായത്. ഇതോടെയാണ് ഇയാൾ ട്രെയിനിൽ ഗുജറാത്തിലേക്കു കടന്നതായി പൊലീസിന് സംശയം ബലപ്പെട്ടത്.

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചയാളെ ഇന്ന് വീണ്ടും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾ നൽകിയ മൊഴികളിലുണ്ടായ സംശയത്തെ തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ ഇരുപതിലധികം പേരെയാണ് പൊലീസ് ചോദ്യം ചെയ്തത്. സെയ്ഫ് അലിഖാന്റെ വീട്ടിലെ ജീവനക്കാരുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തി.

ബാന്ദ്രയിലെ ഹൈറൈസ് അപ്പാര്‍ട്ട്മെന്‍റിൽ അതിക്രമിച്ച് കയറിയ ആളുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽനിന്ന് ഇന്നലെ മാറ്റിയിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

CONTENT HIGHLIGHT: kareena kapoor police statement