Gulf

മസ്‌കറ്റിൽ ഉത്സവാഘോഷത്തിന്റെ രാവുകൾ, മസ്‌കറ്റ് നൈറ്റ്സ് നീട്ടി

മസ്‌കറ്റിലെ രാവുകൾക്ക് ഉത്സവാഘോഷം സമ്മാനിക്കുന്ന സാംസ്‌കാരിക- വിനോദ പരിപാടിയായ മസ്‌കറ്റ് നൈറ്റ്സിന്റെ സമയം നീട്ടി. പത്തു ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. ഈ മാസം 21ന് അവസാനിക്കേണ്ടിയിരുന്ന മസ്കറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി ഒന്ന് വരെയാണ് നീട്ടിയത്.

മസ്കറ്റ് നൈറ്റ് ഫെസ്റ്റിവലിന്റെ സ്വീകാര്യതയും ജനപ്രീതിയും പരിഗണിച്ചാണ് ഉത്സവകാലം നീട്ടാൻ തീരുമാനിച്ചത്. ഏഴ് വേദികളിലായാണ് ആഘോഷം നടക്കുന്നത്. എല്ലായിടത്തേയും ആഘോഷം 10 ദിവസത്തേക്ക് നീട്ടാനാണ് തീരുമാനം. ചെറുകിട, ഇടത്തരം സംരംഭകർ, തൊഴിൽ അന്വേഷകർ, ബിസിനസുകാർ എന്നിവർക്ക് കൂടുതൽ പിന്തുണ നൽകുകയാണ് ഈ തീരുമാനത്തിന്റെ ലക്ഷ്യമെന്ന് സംഘടകർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ 23 നാണ് മസ്കറ്റ് നഗരത്തിലെയും പരിസര മേഖലകളിലെയും 7 വേദികളിലായി ആഘോഷങ്ങൾ തുടങ്ങിയത്. രണ്ടര ലക്ഷത്തിലധികം സന്ദർശകർ ഇതുവരെ പരിപാടിക്കെത്തിയെന്നാണ് കണക്ക്.

ഭക്ഷ്യമേളയും കലാ സാംസ്കാരിക പരിപാടികളും പുഷ്പമേളയുമെല്ലാം ആഘോഷത്തിന്റെ ഭാഗമാണ്. ആമിറാത്ത് പാർക്ക്, അൽ നസീം പബ്ലിക് പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ, സൂർ അൽ ഹദീദ് ബീച്ച്, വാദി അൽ ഖൂദ്, അൽ ഖുറം നാച്ചുറൽ പാർക്ക് എന്നിവിടങ്ങളിലാണ് പരിപാടി പുരോഗമിക്കുന്നത്.