വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിച്ച് റാസൽഖൈമ. 13 ലക്ഷത്തോളം സന്ദർശകരാണ് റാസൽഖൈമയിലെ കാഴ്ചകൾ കാണാൻ കഴിഞ്ഞ വർഷം എത്തിയത്. സന്ദർശകരുടെ എണ്ണത്തിൽ 12 ശതമാനത്തിന്റെ വർദ്ധന ഉണ്ടായതായി റാസൽഖൈമ ടൂറിസം അതോറിറ്റി അറിയിച്ചു.
യുഎഇ-യിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാണ് റാസൽഖൈമ. മലകളും പർവ്വതങ്ങളും മരുഭൂമിയും തീരദേശവും ചേർന്ന റാസൽഖൈമ കാണാൻ എത്തിയവരുടെ പുതിയ കണക്കാണ് ടൂറിസം അതോരിറ്റി പുറത്തുവിട്ടത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുതുവർഷം ആഘോഷിക്കാൻ ഏറ്റവും അധികം പേരെത്തുന്ന യുഎഇ നഗരങ്ങളിലൊന്ന് റാസൽ ഖൈമയാണ്. നാട് ചുറ്റാനും ഫാമുകൾ കാണാനും എത്തുന്നവർ ഒരുപാടാണ്. മലമുകളിലെ തണുപ്പും രാത്രികാല ക്യാമ്പിംഗുമാണ് മറ്റ് ആകർഷണങ്ങൾ.
12ലക്ഷത്തി എൺപതിനായിരത്തിലധികം സന്ദർശകർ കഴിഞ്ഞ വർഷം എമിറേറ്റ് സന്ദർശിച്ചതായി ടൂറിസം അതോറിറ്റി അറിയിച്ചു. ജിസിസി ഇന്ത്യ, കോമൺവെൽത്ത് രാജ്യങ്ങൾ, ചൈന, യൂറോപ് എന്നിവിടങ്ങളിൽ നിന്നുമാണ് ഏറ്റവും അധികം സന്ദർശകരെത്തിയത്. മീറ്റിംഗുകൾ, സമ്മേളനങ്ങൾ, പ്രദർശന മേളകൾ എന്നിവയ്ക്ക് എത്തുന്നവരുടെ എണ്ണത്തിലും വർദ്ധനയുണ്ട്. 15 ശതമാനം വർദ്ധനയാണ് ഇത്തരം സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായതെന്ന് അധികൃതർ വിശദീകരിച്ചു. ഹോട്ടൽ, ഹോസ്പിറ്റാലിറ്റി രംഗത്തും സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനയുണ്ടായി.