Kerala

ഉദ്യോഗസ്ഥരുടെ സഹായം വേണ്ട, 20 സെക്കൻ്റിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം; കൊച്ചി വിമാനത്താവളത്തിൽ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷന് തുടക്കം | cochin airport fast track immigration

4 വീതം ബയോമെട്രിക് ഇ – ഗേറ്റുകൾ ആണ് അതിവേഗ എമിഗ്രേഷനായി സജ്ജീകരിച്ചിട്ടുള്ളത്

എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ അതിവേഗം ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ സാധിക്കുന്ന ‘ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്ടിഐ–ടിടിപി) തുടങ്ങി. ഉദ്യോഗസ്ഥരുടെ സഹായം ഇല്ലാതെ അതിവേഗ എമിഗ്രേഷൻ പൂർത്തിയാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ബയോമെട്രിക് ഇ – ഗേറ്റുകൾ ഉപയോഗിച്ചാണ് അതിവേഗ എമിഗ്രേഷൻ പൂർത്തിയാക്കുക.

20 സെക്കൻ്റിൽ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി ഗേറ്റ് താനെ തുറക്കുന്ന സംവിധാനമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അവതരിപ്പിച്ചിട്ടുള്ളത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ആഗമനം, പുറപ്പെടൽ വിഭാഗങ്ങളിലായി 4 വീതം ബയോമെട്രിക് ഇ – ഗേറ്റുകൾ ആണ് അതിവേഗ എമിഗ്രേഷനായി സജ്ജീകരിച്ചിട്ടുള്ളത്. വേഗത്തിലും എളുപ്പത്തിലും എമിഗ്രേഷൻ നടക്കുന്നതിനാൽ യാത്രക്കാർക്ക് ഏറെ സൗകര്യപ്രദമാണ് ഈ പദ്ധതി.

എഫ്ടിഐ – ടിടിപി സംവിധാനത്തിലൂടെ രാജ്യാന്തര യാത്രക്കാർക്ക് ആണ് അതിവേഗ എമിഗ്രേഷൻ ലഭ്യമാക്കുക. ആഭ്യന്തര യാത്രക്കാർക്ക് ബോർഡിങ് പാസ്‌രഹിത പ്രവേശനമൊരുക്കുന്ന ഡിജി – യാത്ര സംവിധാനം നേരത്തേതന്നെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആരംഭിച്ചിരുന്നു. വിദേശയാത്ര നടത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് അതിവേഗ എമിഗ്രേഷനായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ പ്രത്യേക പോർട്ടൽവഴി അപേക്ഷിക്കാവുന്നതാണ്.

ഇന്ത്യക്കാർക്കും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) കാർഡുടമകൾക്കും ആണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഈ സൗകര്യം ലഭ്യമാക്കുന്നതിനായി നേരത്തെ തന്നെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷിക്കുകയും പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ അപ്‌ലോഡ് ചെയ്യുകയും വേണം. പിന്നീട് വിമാനത്താവളത്തിൽ എത്തുമ്പോൾ മുഖവും വിരലടയാളവും രേഖപ്പെടുത്തുന്നതിനുള്ള ബയോമെട്രിക് എൻറോൾമെൻ്റിലേക്ക് കടക്കാവുന്നതാണ്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എഫ്ആർആർഒ ഓഫീസിലും ഇമിഗ്രേഷൻ കൗണ്ടറുകളിലും ബയോമെട്രിക് എൻറോൾമെന്റ് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരിക്കൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് പിന്നീടുള്ള എല്ലാ രാജ്യാന്തര യാത്രകൾക്കും സ്മാർട്ട്‌ ഗേറ്റുകൾ വഴി അതിവേഗ എമിഗ്രേഷൻ സാധ്യമാകുന്നതാണ്. ദീർഘസമയം വരിയിൽ നിന്നുള്ള കാത്തിരിപ്പോ ഉദ്യോഗസ്ഥരുടെ സഹായമോ വേണ്ടാതെ നേരിട്ടും വേഗത്തിലും എമിഗ്രേഷൻ പൂർത്തിയാക്കാൻ കഴിയുക എന്നുള്ളത് രാജ്യാന്തര യാത്രക്കാരെ സംബന്ധിച്ച് ഏറെ സൗകര്യപ്രദമാണ്.

CONTENT HIGHLIGHT: cochin airport fast track immigration