ന്യൂഡൽഹി: സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് തദ്ദേശീയമായി വികസിപ്പിച്ച ‘സംഭവ്’ (Secure Army Mobile Bharat Version) സ്മാർട്ട്ഫോണുകൾ. ചൈനയുടെ അതിർത്തി പ്രദേശങ്ങളിലും നിർണായക ദൗത്യങ്ങളിലും ആണ് പ്രത്യേക സ്മാർട്ട് ഫോണുകളുടെ ഉപയോഗം. സെക്യൂർ ആർമി മൊബൈൽ ഭാരത് വേർഷൻ (SAMBHAV) എന്ന ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.
ചൈനയുമായി അടുത്തിടെ നടന്ന ചർച്ചകൾ ഉൾപ്പെടെയുള്ള ഉന്നതതല ചർച്ചകളിൽ സുരക്ഷിത ആശയവിനിമയത്തിനായി ‘സംഭവ്’ സ്മാർട്ട്ഫോണുകൾ ആണ് ഉപയോഗിച്ചതെന്ന് കരസേനാ മേധാവി മേജർ ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു. വാട്ട്‌സ്ആപ്പിന് പകരമുള്ള എം-സിഗ്മ പോലുള്ള പ്രത്യേക ആപ്ലിക്കേഷനുകൾ ആണ് ഈ ഫോണുകളിൽ സജ്ജീകരിച്ചിരിക്കുന്നത്.
ഡോക്യുമെൻ്റുകളും ഫോട്ടോകളും വീഡിയോകളും ഉൾപ്പെടെയുള്ള സെൻസിറ്റീവ് വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും കൈമാറാനും കഴിയുന്ന രീതിയിലാണ് ‘സംഭവ്’ സ്മാർട്ട്ഫോണുകൾ നിർമ്മിച്ചിരിക്കുന്നത്. സങ്കീർണ്ണവും എൻക്രിപ്റ്റ് ചെയ്തതുമായ ആശയവിനിമയത്തിനാണ് ഈ ഫോണുകൾ പ്രാധാന്യം നൽകുന്നത്.
അത്യാധുനിക 5G സാങ്കേതികവിദ്യ ഉപയോഗിച്ച് രൂപകല്പന ചെയ്ത ‘സംഭവ്’ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ നൽകുന്നതാണ്. എയർടെൽ, ജിയോ നെറ്റ്‌വർക്കുകൾ ആണ് ഈ ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുക. ഡാറ്റ ചോർച്ച തടയുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് ‘സംഭവ്’ സ്മാർട്ട്ഫോണുകൾ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
CONTENT HIGHLIGHT: indian army used sambhav smartphone