പാലക്കാട്: മണ്ണാർക്കാട് നബീസ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. ഒന്നാം പ്രതി ഫസീലയ്ക്കും ഫസീലയുടെ ഭർത്താവും നബീസയുടെ ചെറുമകനുമായ ബഷീറിനും ജീവപര്യന്തവും പിഴയും വിധിച്ചിരിക്കുന്നത്. കൊലപാതക കുറ്റം തെളിവ് നശിപ്പിക്കൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കരിമ്പുഴ തോട്ടരയിലെ ഈങ്ങാക്കോട്ടിൽ മമ്മിയുടെ ഭാര്യ നബീസയെ (71) ഭക്ഷണത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.
2016 ജൂൺ 24നാണ് ആര്യമ്പാവ്- ഒറ്റപ്പാലം റോഡിൽ നായാടിപ്പാറയ്ക്ക് സമീപത്തെ റോഡരികിൽ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് നാലുദിവസം മുമ്പ് നബീസയെ, ബഷീർ മണ്ണാർക്കാട് നമ്പ്യയൻകുന്നിലുള്ള തന്റെ വീട്ടിലേക്ക് കൊണ്ടുവന്നതായി പൊലീസ് കണ്ടെത്തി. 22ന് രാത്രി ചീരക്കറിയിൽ ചിതലിനുള്ള മരുന്നുചേർത്ത് നബീസക്ക് നൽകി. ഇതു കഴിച്ചെങ്കിലും ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മനസിലാക്കിയതോടെ രാത്രി ബലം പ്രയോഗിച്ച് വായിലേക്ക് വിഷം ഒഴിക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ചശേഷം മൃതദേഹം ഒരുദിവസം വീട്ടിൽ സൂക്ഷിച്ചു. തുടർന്ന് 24ന് രാത്രി ബഷീറും ഫസീലയും തയ്യാറാക്കിയ ആത്മഹത്യാക്കുറിപ്പ് സഹിതം മൃതദേഹം ആര്യൻപാവിലെ റോഡിൽ ഉപേക്ഷിച്ചു.
ആത്മഹത്യാക്കുറിപ്പ് നോട്ടുബുക്കിൽ ഫസീല പലതവണ എഴുതിയിരുന്നതായും ഇത് പേപ്പറിലേക്ക് പകർത്തിയെഴുതിയത് ബഷീറാണെന്നും പൊലീസ് കണ്ടെത്തി. എഴുത്തും വായനയും അറിയാത്ത നബീസയുടെ സഞ്ചിയിൽ നിന്ന് കത്ത് കണ്ടെടുത്തത് അന്വേഷണത്തിൽ വഴിത്തിരിവായി.
ഭർത്താവിന്റെ പിതാവിന് വിഷപദാർത്ഥം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഫസീല ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. തൃപ്പൂണ്ണിത്തുറയിൽ പർദ്ദ ധരിച്ചെത്തി മുളകുപൊടി സ്‌പ്രേ ചെയ്ത് പണവും ആഭരണവും കവർന്ന കേസിലും 2018ൽ കല്ലേക്കാട് ബ്ലോക്കോഫീസിനു സമീപത്തെ ഫ്ലാറ്റിൽ നിന്ന് സ്വർണം കവർന്ന കേസിലും പ്രതിയാണ് ഫസീല.
CONTENT HIGHLIGHT: naseeba case couple was sentenced to life imprisonment