Kerala

‘പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ’; നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെ സുധാകരൻ | k-sudhakaran agaisnt pinarayi vijayan

നാടിനും നാട്ടുകാർക്കും പാർട്ടിക്കാർക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സുധാകരൻ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ എന്നാണ് കെ സുധാകരൻ ചോദിച്ചത്. കേരളത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ചെയ്തിട്ടുണ്ടോ. നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

മക്കൾക്ക് വേണ്ടി കോടാനുകോടി കട്ട് ഉണ്ടാക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്നും കെ സുധാകരൻ പറഞ്ഞു. നാടിനും നാട്ടുകാർക്കും പാർട്ടിക്കാർക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും കെ സുധാകരൻ പരിഹസിച്ചു.

അതേസമയം എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പാലക്കാട്ട് ആരംഭിക്കാന്‍ പോകുന്ന മദ്യനിര്‍മാണ ഫാക്ടറി നിലംതൊടാന്‍ അനുവദിക്കില്ലെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.

കെ റെയിലിന്‍റെ മഞ്ഞക്കുറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിഞ്ഞതുപോലെ മദ്യഫാക്ടറിയെയും തൂത്തെറിയുമെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു. മദ്യഫാക്ടറിക്കെതിരേ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം ഉണ്ടാകുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പറ്റുന്ന ഒരുകാര്യം പോലും മദ്യ ഫാക്ടറിയുടെ കാര്യത്തിലില്ല. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പദ്ധതിയാണിതെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.